പൊതുപരിപാടികളിൽനിന്നും കുഞ്ഞാലിക്കുട്ടി മുങ്ങി
കോഴിക്കോട്
ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും പോകാത്ത മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പൊതുപരിപാടികളിൽനിന്നും വിട്ടുനിന്നു. കേസിൽ എന്ത് പ്രതിരോധം സ്വീകരിക്കണമെന്ന മാരത്തോൺ ചർച്ചയിലായിരുന്നു ഇദ്ദേഹം. കോഴിക്കോട്ടുണ്ടായിട്ടും പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലടക്കം പങ്കെടുത്തില്ല.
മലബാർ സമരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെകൂടെ പങ്കെടുക്കേണ്ടിയിരുന്നത്. സതീശൻ ഉദ്ഘാടകനായെത്തിയെങ്കിലും മുഖ്യപ്രഭാഷകനായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. കെ പി എ മജീദടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ നിന്നാണ് വിട്ടുനിന്നതെന്നതും ശ്രദ്ധേയമായി. രാവിലെ കോവൂർ സി എച്ച് സെന്ററിൽ വി ഡി സതീശൻ എത്തിയപ്പോഴും ഒപ്പമുണ്ടായില്ല.
ചോദ്യം ചെയ്യലിന് ഇഡിയുടെ മുന്നിലെത്താനും കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച തയ്യാറായില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ഇഡിയുടെ മുന്നിലെത്താത്തതും പരിപാടികളിൽനിന്ന് വിട്ടുനിന്നതെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാധ്യമങ്ങളോട് പറഞ്ഞത്.
Credits Kerala || Deshabhimani Online News https://ift.tt/3yGLwtm
Comments