നാടുചുറ്റാം കാരവനില് ; മാറ്റത്തിനൊപ്പം കേരള ടൂറിസം
തിരുവനന്തപുരം
കോവിഡിനൊപ്പം മാറുന്ന ലോകത്തെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിൽ കാരവനുകൾ ഒരുങ്ങുന്നു. സുരക്ഷയും പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവവും വാഗ്ദാനംചെയ്യുന്ന സമഗ്ര കാരവൻ ടൂറിസം നയം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. പൊതു–-സ്വകാര്യ മാതൃകയിലായിരിക്കും ഇത്. സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പങ്കാളികളാകും.
കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും സ്വകാര്യമേഖലയെ സബ്സിഡിയടക്കം നൽകി പ്രോത്സാഹിപ്പിക്കും. പുറംലോകത്തിന് പരിചിതമല്ലാത്ത അഞ്ഞൂറിലേറെ ടൂറിസം സാധ്യതാകേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ഇവിടെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കും. കാരവൻ ടൂറിസം ലോഗോ ‘കേരവൻ കേരള’ മന്ത്രി പ്രകാശിപ്പിച്ചു. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചക്രക്കൊട്ടാരം
സുഖപ്രദമായ സഞ്ചാരത്തിനും താമസത്തിനും എല്ലാ സൗകര്യവും കാരവനുകളിലുണ്ടാകും. സോഫ–-കം–-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിങ് ടേബിൾ, ടോയ്ലെറ്റ് ക്യുബിക്കിൾ, ഡ്രൈവർ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ–-വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം, ജിപിഎസ് തുടങ്ങി സൗകര്യങ്ങളുണ്ടാകും. മലിനീകരണ–-വാതക ബഹിർഗമന തോത് കുറയ്ക്കാൻ ഭാരത് സ്റ്റേജ് ആറ് വാഹനമാണ് ഉപയോഗിക്കുക. വാഹനങ്ങൾ ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും.
കാരവനുകൾ നിർത്തിയിടുന്നതിനും ദീർഘനേരം സമയം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവൻ പാർക്കുകൾ. വിനോദസഞ്ചാരികൾക്ക് സമ്മർദരഹിത അന്തരീക്ഷം പാർക്കിൽ ഉറപ്പാക്കും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കും. പാർക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും നിർത്തിയിടാൻ സംവിധാനമുണ്ടാകും.
Credits Kerala || Deshabhimani Online News https://ift.tt/3AgVp2f
Comments