നാർകോട്ടിക് ജിഹാദ് : ബിഷപ്പിന് പിന്തുണയുമായി സിറോ മലബാർ സഭ
കൊച്ചി
നാർകോട്ടിക് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാർ സഭ. ബിഷപ് ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പൊതുജനത്തിനുവേണ്ടിയല്ല, സഭാവിശ്വാസികൾക്കായാണ് ബിഷപ് പ്രസ്താവന നടത്തിയത്. ‘നാർകോ ജിഹാദ്’ എന്ന വാക്ക് അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നുകച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസി’ന്റെ 2017-ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്ന് കയറ്റിവിട്ട 21,000 കോടിയുടെ 3000 കിലോ മയക്കുമരുന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടിച്ചെടുത്തത് വാർത്തയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോട് എല്ലാ മതസമൂഹങ്ങളും അകലംപാലിക്കുന്നുണ്ട്. അതേസമയം, കേരളസമൂഹത്തിലും അപകടകരമായ ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് ബിഷപ് മുന്നറിയിപ്പു നൽകിയത്.
ചില രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ബിഷപ്പിന്റെ പ്രസംഗത്തെ രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി അവതരിപ്പിച്ചു. മതസ്പർധ വളർത്തിയെന്ന് ആരോപിച്ച് ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറണം. അദ്ദേഹത്തിനെതിരെ നടപടിവേണമെന്നുള്ള മുറവിളി ആസൂത്രിതമാണ്.
കേരളത്തിന്റെ മതസൗഹാർദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാൻ സിറോ മലബാർ സഭ പ്രതിജ്ഞാബദ്ധമാണ്. നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും സഭ അഭ്യർഥിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3hTOXHq
Comments