കോൺഗ്രസിൽ വീതംവയ്‌പ് ചർച്ച തുടങ്ങി ; അഴിച്ചുപണിക്ക്‌ ഗ്രൂപ്പ്‌ മാനദണ്ഡം


തിരുവനന്തപുരം
കെപിസിസി, ഡിസിസി ഭാരവാഹി വീതംവയ്പിനു മുന്നോടിയായി കോൺഗ്രസിലെ പുതുചേരി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായും കൂടിയാലോചന തുടങ്ങി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡം സംബന്ധിച്ചായിരുന്നു ചർച്ച. ഗ്രൂപ്പുകളുടെ പട്ടിക അതിനുശേഷം കൈമാറും. 15നു വീണ്ടും ചർച്ച നടത്തും. നെയ്യാർഡാമിൽ ഡിസിസി പ്രസിഡന്റുമാരുടെ ക്യാമ്പിനിടെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.

കെപിസിസിക്ക് 51 ഭാരവാഹികളുണ്ടാകും. മൂന്ന് വൈസ് പ്രസിഡന്റും 15 ജനറൽ സെക്രട്ടറിയും ട്രഷററും നിർവാഹകസമിതി അംഗങ്ങളും അടക്കമാണിത്. ഡിസിസി പ്രസിഡന്റ് നിയമനത്തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടൽ തടഞ്ഞത് എഐസിസി സെക്രട്ടറി കെ സി വേണുഗോപാലിന്റെ നീക്കമാണെന്ന് ഗ്രൂപ്പുനേതാക്കൾ ആരോപിച്ചു. എന്നാൽ, പുതുചേരിക്ക് വഴങ്ങി കിട്ടുന്നത് പങ്കിട്ടെടുക്കാമെന്നാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും കരുതുന്നത്.

എന്നാൽ, ക്യാമ്പിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും തണുപ്പൻ സ്വീകരണമായിരുന്നു. പ്രവർത്തകസമിതി അംഗംകൂടിയായ ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. വി ഡി സതീശനും പ്രസംഗിച്ചശേഷമാണ് ഉമ്മൻചാണ്ടിയെ ക്ഷണിച്ചത്. ഉച്ചതിരിഞ്ഞതോടെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തിരികെ പോയി.

കോൺഗ്രസ് പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്ന് സുധാകരൻ
കോൺഗ്രസിന്റെ പ്രവർത്തനത്തിലും സമീപനത്തിലും മാറ്റം വരുത്തി ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുതിയ ഡിസിസി പ്രസിഡന്റുമാർക്കുള്ള ശിൽപ്പശാല നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. അത്തരം കെണിയിൽ വീഴരുത്. കോൺഗ്രസിന്റെ പോരായ്മകൾ കണ്ടെത്തി, പരിഹാരം ആരംഭിച്ചെന്നും സുധാകരൻ പറഞ്ഞു. വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tpiw8k

Comments

Archive

Contact Form

Send