വിടവാങ്ങിയത്‌ റേഡിയോ പ്രക്ഷേപണത്തിന്റെ ഹൃദയംതൊട്ട പ്രതിഭ

കാലടി
മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ ചരിത്രഘട്ടങ്ങളിൽ പങ്കാളിയായിരുന്നു ശനിയാഴ്ച അന്തരിച്ച പി പുരുഷോത്തമൻനായർ. 1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ അവിടെ പ്രോഗ്രാം അസിസ്റ്റന്റായ അദ്ദേഹം തിരുവനന്തപുരം, ഇൻഡോർ, പോർട്ട് ബ്ലയർ, ഗോവ, ഡൽഹി നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ, സ്റ്റേഷൻ ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ 33 വർഷം പ്രവർത്തിച്ചു.

കൊച്ചിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയത്തിലേക്ക് പ്രോഗ്രാം അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു അഭിമുഖം. 1950 മെയ് 17ന് പി പുരുഷോത്തമൻനായർ ജോലിയിൽ പ്രവേശിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ ചുമതലയാണ് ലഭിച്ചത്.

മഹാകവി പി കുഞ്ഞിരാമൻനായരുമായി അടുത്തബന്ധമുണ്ടായിരുന്ന പുരുഷോത്തമൻനായരെക്കുറിച്ച് ആത്മകഥയിൽ മഹാകവി പറഞ്ഞിട്ടുണ്ട്. 1955-ൽ ഇൻഡോർ നിലയം ആരംഭിച്ചപ്പോൾ അവിടേക്കയച്ചു. ഹിന്ദുസ്ഥാനി സംഗീതത്തെ അടുത്തറിയാനും മഹാരഥന്മാരുമായി പരിചയപ്പെടാനും ഇൻഡോറിലെ പ്രവർത്തനകാലത്ത് കഴിഞ്ഞു. ഉസ്താദ് ഹാഫിസ് അലിഖാൻ, ബിസ്മില്ലാ ഖാൻ തുടങ്ങിയവരുടെ പരിപാടികൾ ശബ്ദലേഖനം ചെയ്തു.

1957ൽ തിരുവനന്തപുരം നിലയത്തിൽ എത്തിയപ്പോൾ ആദ്യം നാടകം, ബാലലോകം പരിപാടികളുടെയും പിന്നീട് റേഡിയോ ഗ്രാമരംഗത്തിന്റെയും ചുമതല കിട്ടി. നാടകരംഗത്തെ മഹാരഥന്മാരുമായി ഒന്നിച്ചുപ്രവർത്തിച്ചു. ജഗതി എൻ കെ ആചാരി എഴുതി, അദ്ദേഹവും പി കെ വീരരാഘവൻനായരും ചേർന്ന് അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം കേൾക്കാൻ ജനങ്ങൾ റേഡിയോയ്ക്കുമുന്നിൽ കാതോർത്തിരുന്ന കാലമായിരുന്നു അത്.

ഗ്രാമീണ പ്രക്ഷേപണരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട റേഡിയോ ഗ്രാമരംഗം പരിപാടികൾ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു 1959ൽ തുടങ്ങിയത്. 1963ൽ ആൻഡമാൻ-നിക്കോബാർ ദ്വീപിലെ പോർട്ട്ബ്ലയറിൽ ആകാശവാണി നിലയം ആരംഭിച്ചപ്പോൾ പി പുരുഷോത്തമൻനായരെ അവിടേക്കയച്ചു. 1963ൽ പോർട്ട്ബ്ലയർ നിലയം ഉദ്ഘാടനം ചെയ്തതുമുതൽ ഒമ്പതുവർഷം അവിടെ ജോലിചെയ്തു.
1972-ൽ അസിസ്റ്റന്റ് ഡയറക്ടറായി പനാജിയിലും ഇൻസ്ട്രക്ടറായി ഡൽഹിയിലെ സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലും ഡയറക്ടറായി തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലും പ്രവർത്തിച്ചു.

1977ൽ പോർട്ട് ബ്ലയർ നിലയത്തിൽ തിരിച്ചെത്തി. 1983 ജൂണിൽ സെലക്ഷൻ ഗ്രേഡ് സ്റ്റേഷൻ ഡയറക്ടറായാണ് വിരമിച്ചത്. മലയാളത്തിൽ റേഡിയോനാടകത്തിന് ആദ്യമായി ആകാശവാണി ദേശീയപുരസ്കാരം ലഭിക്കുന്നത് അദ്ദേഹം സ്റ്റേഷൻ ഡയറക്ടറായിരുന്ന കാലത്താണ്. ജി ശങ്കരപ്പിള്ളയുടെ ‘അക്കരെ’യായിരുന്നു നാടകം. ആർട്ടിസ്റ്റുകളോ യോജ്യമായ പശ്ചാത്തലസംഗീതമോ ലഭ്യമല്ലാതിരുന്ന ദ്വീപിൽനിന്ന് അക്കാലത്ത് ഡോക്യുമെന്ററികൾക്കുൾപ്പെടെ ധാരാളം ദേശീയപുരസ്കാരങ്ങൾ നിലയത്തിനു ലഭിച്ചിട്ടുണ്ട്. ആൻഡമാനിലെ പൊതുജീവിതത്തിലും സജീവസാന്നിധ്യമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mgadZx

Comments

Archive

Contact Form

Send