വിശ്വാസ്യതയില്‍ അച്ചടിമാധ്യമങ്ങള്‍ മുന്നിലെന്ന്‌ സർവേ


കൊച്ചി
കോവിഡ് നിയന്ത്രണപ്പൂട്ട് രാജ്യത്തെ അച്ചടിമാധ്യമങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ചെന്നും അതിലൂടെ ലഭ്യമാകുന്ന വിവരങ്ങൾക്കാണ് വായനക്കാർക്കിടയിൽ കൂടുതൽ വിശ്വാസ്യതയെന്നും സർവേ റിപ്പോർട്ട്. അച്ചടിമാധ്യമങ്ങളുടെ സ്വാധീനം, വായനക്കാരുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഹവാസ് മീഡിയ ​ഗ്രൂപ്പ് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ.

മഹാമാരിക്കാലത്ത് ബ്രാൻഡുകൾക്കും മാർക്കറ്റിങ് സ്ഥാപനങ്ങൾക്കും ഏറ്റവും വിശ്വസനീയമായ വിവരസ്രോതസ്സായി അച്ചടിമാധ്യമങ്ങൾ മാറിയെന്നും റിപ്പോർട്ട് പറയുന്നു.
കോവിഡ് കാലത്ത് 41–-50 വയസ്സിനിടയിലുള്ളവർ അച്ചടിമാധ്യമ വായനയ്ക്കായി ചെലവിടുന്ന സമയം വർധിച്ചു. ദക്ഷിണേന്ത്യയിലെ 60 ശതമാനം വായനക്കാർ അച്ചടിമാധ്യമത്തെ കൂടുതൽ അറിവ് നേടാനുള്ള മാർ​ഗമായി കാണുന്നു. പൊതുവാർത്തകൾക്കുപുറമെ ശാസ്ത്രം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര വിവരങ്ങൾ, ആരോ​​ഗ്യം തുടങ്ങിയവയാണ് ആളുകൾ കൂടുതലായി വായിക്കുന്നത്. പരസ്യങ്ങൾ അച്ചടിമാധ്യമങ്ങളിൽ വരുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വായനക്കാരിൽ 90 ശതമാനംപേരും പരസ്യങ്ങൾ ശ്രദ്ധിക്കുന്നു. ഇത് ബ്രാൻഡ് മുൻ​ഗണന വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

ആദ്യ കാർ വാങ്ങാൻ വിചാരിക്കുന്ന 55 ശതമാനംപേരും ഏതു കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കുന്നത് അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണെന്നും സർവേ പറയുന്നു. കോവിഡ് കാലത്ത് അച്ചടിമാധ്യമങ്ങൾ നിർണായകശക്തിയും ബ്രാൻഡ് ധാരണകളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും വിശ്വസ്ത ഉറവിടവുമായെന്ന് ഹവാസ് മീഡിയ ​ഗ്രൂപ്പ് ഇന്ത്യയുടെ സ്ട്രാറ്റജി ഹെഡ് സഞ്ചിത റോയ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Xdp9Pq

Comments

Archive

Contact Form

Send