കോവിഡ്: എണ്ണത്തിൽ ഭയം വേണ്ട

തിരുവനന്തപുരം> ഓണത്തിനുശേഷം സംസ്ഥാനത്ത് പ്രതീക്ഷിച്ചപോലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാത്തത് ആശ്വാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിലും കാര്യമായ വർധനയുണ്ടായില്ല. ഒരാഴ്ചയായി ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം 30,000–-33,000നും ഇടയിലാണ്.

ആഗസ്ത് 14 മുതൽ 20വരെ രോഗികളുടെ ശരാശരി എണ്ണം 1,77,935 ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5.99 ശതമാനവും. ആഗസ്ത് 28 മുതൽ സെപ്തംബർ മൂന്നുവരെയുള്ള ആഴ്ച രോഗികളുടെ എണ്ണം 2,23,197 ആയി ഉയർന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 5.23 ശതമാനമായി കുറഞ്ഞു. രാജ്യത്ത് ആദ്യമായി കിടപ്പുരോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകി കേരളം മാതൃകയായി. വാക്സിൻ വിതരണം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനാൽ സാമൂഹ്യപ്രതിരോധം താമസിയാതെ ആർജിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയിൽ വലിയ ആശങ്ക വേണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
വാക്സിൻ എടുത്തവർ കോവിഡ് ബാധിതരാകുന്നുണ്ട്. എന്നാൽ, ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണവും കുറവാണ്. അതിനാൽ വാക്സിൻ എടുത്തവർക്കിടയിലെ രോഗബാധയിൽ ആശങ്ക വേണ്ട.

എല്ലാവർക്കും ഈമാസം ആദ്യ ഡോസ്

പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഈമാസം ആദ്യ ഡോസ് വാക്സിൻ നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതിന് കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടത്ത് വാക്സിന് കടുത്ത ക്ഷാമം നേരിടുകയാണ്. ഞായർ 9,97,570 ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ 1.95 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ആഗസ്തിൽ 88 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയിൽ 2.5 ലക്ഷം പേർ

ശനിയാഴ്ച സംസ്ഥാനത്ത് 29,682 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 1,69,237 സാമ്പിൾ പരിശോധിച്ചു. രോഗനിരക്ക് 17.54 ശതമാനം. ഡബ്ല്യുഐപിആർ ഏഴിനു മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശമുണ്ട്. 81 എണ്ണം നഗരത്തിലും 215 എണ്ണം ഗ്രാമത്തിലുമാണ്. 142 മരണം കോവിഡുമൂലമെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 21,422. 25,910 പേർ ശനിയാഴ്ച രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 2,50,065.



Credits Kerala || Deshabhimani ​Online ​News https://ift.tt/38GdpqJ

Comments

Archive

Contact Form

Send