ഭക്ഷ്യോൽപ്പന്ന വ്യവസായത്തിന് ലൈസൻസ് കർശനമാക്കണം , പരിശോധന കാര്യക്ഷമമാക്കണം : ഹൈക്കോടതി
കൊച്ചി
സംസ്ഥാനത്ത് ഭക്ഷ്യോൽപ്പന്ന വ്യവസായ മേഖലയിൽ ലൈസൻസും പരിശോധനകളും കർശനമാക്കി ഉത്തരവിറക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പരിശോധന കാര്യക്ഷമമാക്കി മൂന്നുമാസത്തിലൊരിക്കൽ ഭക്ഷ്യസുരക്ഷ കമീഷണർക്ക് റിപ്പോർട്ട് നൽകണം. കമീഷണർ സമഗ്രറിപ്പോർട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
ഭക്ഷ്യസുരക്ഷാനിയമം കർശനമായി നടപ്പാക്കുന്നില്ലെന്നും ഭക്ഷണത്തിലെ മായത്തിന് ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടി കൊല്ലത്തെ അഭിഭാഷകൻ എം എസ് അജിത്കുമാർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നിയമം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. നിയോജകമണ്ഡലാടിസ്ഥാനത്തിൽ 140 ഉദ്യോഗസ്ഥരുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മേഖലാ തലത്തിൽ മൊബൈൽ യൂണിറ്റുകളും ലാബുകളും ഉണ്ട്. ആവശ്യത്തിന് പരിശോധനകൾ നടക്കുന്നുണ്ട്. 2017-–-18ൽ മാത്രം 30,000 പരിശോധന നടന്നെന്നും ഒന്നരക്കോടിയോളം രൂപ പിഴ ചുമത്തിയെന്നും സർക്കാർ അറിയിച്ചു. സർക്കാർ വിശദീകരണം കണക്കിലെടുത്ത് ഹർജി കോടതി തീർപ്പാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3lZ7ovN
Comments