തീരസംരക്ഷണത്തിന് ത്രിതല പദ്ധതി: മാർഗരേഖ നാലുമാസത്തിനകം
വൈപ്പിൻ
തീര സംരക്ഷണ–-കടലാക്രമണ പ്രതിരോധവും മത്സ്യത്തൊഴിലാളി ക്ഷേമവും ടൂറിസം വികസനവും സംയോജിപ്പിച്ച ത്രിതല സമഗ്ര പദ്ധതി വൈപ്പിൻ മണ്ഡലത്തിനായി ഉടൻ ആവിഷ്കരിക്കുമെന്ന് സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷെയ്ക്ക് പരീതിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വ്യക്തമാക്കിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
പുതുവൈപ്പുമുതൽ മുനമ്പംവരെ കടലാക്രമണ രൂക്ഷതയേറിയ തീരങ്ങളും കടൽക്ഷോഭ സാധ്യതാപ്രദേശങ്ങളും സന്ദർശിച്ച വിദഗ്ധസംഘവുമായി എംഎൽഎ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കടലാക്രമണവും വേലിയേറ്റവുംമൂലമുള്ള ദുരിതം എംഎൽഎ നിയമസഭയിലും മന്ത്രിമാർക്കു മുമ്പാകെയും ഉന്നയിച്ചതിനെത്തുടർന്നാണ് തീരദേശ വികസന കോർപറേഷന്റെ വിദഗ്ധ സംഘം പ്രദേശങ്ങൾ സന്ദർശിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ ജിഡയും എംഎൽഎയുടെ ആവശ്യത്തിനനുസൃതം മാർഗരേഖ തയ്യാറാക്കണമെന്ന് തീരദേശ വികസന കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്ക് പ്രധാന സാങ്കേതികസഹായം നൽകുന്ന മദ്രാസ് ഐഐടിക്ക് കോർപറേഷൻ മാർഗരേഖ നൽകും.
അടുത്ത കാലവർഷത്തിനുമുമ്പ് പ്രവൃത്തികൾ ആരംഭിക്കുംവിധം നടപടി വേഗത്തിലാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
നാലുമാസത്തിനകം സമഗ്ര മാർഗരേഖ സമർപ്പിക്കുമെന്ന് ഷെയ്ക്ക് പരീത് പറഞ്ഞു. പുലിമുട്ട് ഉൾപ്പെടെ നടന്നുവരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. മദ്രാസ് ഐഐടിയുടെ പ്രത്യേക സാങ്കേതിക വിഭാഗത്തിന്റെ സംഘം ഈ മാസംതന്നെ വൈപ്പിനിൽ പഠനത്തിനെത്തും. കടലിന്റെ അടിത്തട്ടിലെ ചിത്രമെടുക്കുന്ന കപ്പലിന്റെ ഉൾപ്പെടെ സഹായത്തോടെയാകും ഐഐടി സംഘത്തിന്റെ പര്യടനമെന്നും ഷെയ്ക്ക് പരീത് അറിയിച്ചു. ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ് കുമാർ, റീജണൽ മാനേജർ രാജു ആനന്ദ്, പ്രോജക്ട് അസോസിയേറ്റ് ലക്ഷ്മി രാജീവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3jYEoEp
Comments