ലീഗ് കോടതി വിധിച്ചു ‘ഹരിത’ പുറത്ത് ; തെളിഞ്ഞത് സ്ത്രീ വിരുദ്ധത
കോഴിക്കോട്
‘ഹരിത’യെ പിരിച്ചുവിട്ടതിലൂടെ തെളിയുന്നത് മുസ്ലിംലീഗിന്റെ സ്ത്രീവിരുദ്ധ രാഷ്ട്രീയമുഖവും നിലപാടും. പാർടി കോടതി ചേർന്ന് ഹരിതയെ പിരിച്ചുവിട്ട് നീതിക്കായുള്ള പെൺശബ്ദത്തെ പടിയടച്ചു പുറത്താക്കി. ലൈംഗികാധിക്ഷേപം നേരിട്ടെന്ന പരാതി പറഞ്ഞ കോളേജ് വിദ്യാർഥിനികളടക്കമുള്ളവർക്കാണ് ‘ലീഗ് കോടതി’യുടെ കഠിനശിക്ഷ. ചെയ്ത കുറ്റം എംഎസ്എഫ് നേതൃത്വം വ്യക്തിപരമായി നടത്തിയ ലൈംഗിക–-സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ പരാതിപ്പെട്ടുവെന്നതും.
ലീഗിന്റെ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ഹരിതയിലെ പെൺകുട്ടികൾ പാർടി കമ്മിറ്റിയിലുണ്ടായ അവഹേളനം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അനുഭവിക്കുന്ന മാനസിക പീഡനം നേതാക്കളെ കണ്ട് വിവരിച്ചു. ലീഗ് കുടുംബങ്ങളിൽനിന്നുള്ളവരാണ് ഈ കുട്ടികളിലേറെയും. എന്നിട്ടും നേതൃത്വം ചെവിക്കൊണ്ടില്ല, അച്ചടക്കത്തിന്റെ വാളുമുയർത്തി. വനിതാകമീഷന് നൽകിയ പരാതി പിൻവലിക്കാത്തതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവർക്കെതിരെയായിരുന്നു പരാതി. മുഖം രക്ഷിക്കാൻ ചില നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പെന്ന പേരിൽ ഏകപക്ഷീയമായ തീരുമാനമുണ്ടാക്കി–- സ്ത്രീവിരുദ്ധ പരാമർശം നടത്തിയവർക്ക് ശിക്ഷ ഖേദപ്രകടനം, അതും ഫെയ്സ്ബുക്കിലൂടെ.
പകരം വനിതാകമീഷനിലെ പരാതി പിൻവലിക്കണം. ഹരിതക്ക് താൽക്കാലിക വിലക്കും ഏർപ്പെടുത്തി. തീരുമാനത്തിൽ വിയോജിച്ച പരാതിക്കാർ നേതൃത്വത്തിന്റെ കാപട്യമാണിതെന്ന് സൂചിപ്പിച്ചു. സമ്മർദവും ഭീഷണിയും അതിജീവിച്ച് പരാതിയിൽ ഉറച്ചുനിന്നു. ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയുള്ള സാദിഖലി ശിഹാബ് തങ്ങളുടെ കടുത്ത നിലപാടാണ് ഹരിതക്കെതിരായ നടപടിക്ക് പിന്നിൽ. നവാസിന് സംരക്ഷണം സാദിഖലിയാണെന്ന് മറ്റു നേതാക്കളും സമ്മതിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും ഹരിതയെ നിയന്ത്രിക്കണമെന്ന പക്ഷക്കാരനായിരുന്നു. സന്ധിചർച്ചക്ക് എത്തിയ ഇ ടി മുഹമ്മദ് ബഷീറും എം കെ മുനീറുമെല്ലാം വഞ്ചനക്ക് കൂട്ടുനിന്നെന്ന വികാരമാണ് ഹരിത നേതാക്കൾക്ക്.
ഹരിത പ്രവർത്തകർക്കായി വാദിച്ച എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫാതിമ തഹ്ലിയക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3tpZuhY
Comments