അടുക്കളയിലേത്‌ സിന്ധുവിന്റെ മൃതദേഹം:കുഴിയിൽ മുളകുപൊടി; മുഖത്ത്‌ പ്ലാസ്റ്റിക് കവർ

ഇടുക്കി
അടിമാലി പണിക്കൻകുടിയിൽ സമീപവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം വലിയപറമ്പിൽ സിന്ധുവിന്റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒപ്പം താമസിച്ച മാണിക്കുന്നേൽ ബിനോയിയുടെ വീട്ടിൽനിന്ന് ശനിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ബിനോയിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച സമയം വൈകിയതിനാൽ മൃതദഹം പുറത്തെടുക്കാനായിരുന്നില്ല.

മൂന്നാഴ്ചത്തെ പഴക്കമുള്ളതായാണ് നിഗമനം. തെളിവുനശിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. മുഖം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. കുഴിക്കുള്ളിൽ ഇറക്കി ഇരുത്തിയ ശേഷം മൂടുകയാണ് ചെയ്തത്. കുഴിയിലാകെ മുളകുപൊടി വിതറിയിട്ടുണ്ട്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. കഴിഞ്ഞ 16 മുതൽ ബിനോയി ഒളിവിലാണ്.

കാമാക്ഷി സ്വദേശിയായ സിന്ധു ഭർത്താവുമായി പിരിഞ്ഞശേഷം കഴിഞ്ഞ അഞ്ചുവർഷമായി ബിനോയിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബിനോയ് സിന്ധുവുമായി അടുപ്പത്തിലായിരുന്നു. ആഗസ്ത് 12 മുതലാണ് സിന്ധുവിനെ കാണാതായത്. പതിനൊന്നിന് ബിനോയിയുമായി വാക്കുതർക്കം ഉണ്ടായതായി ബന്ധുക്കൾ അറിയിച്ചിരുന്നു. 15ന് വെള്ളത്തൂവൽ പൊലീസിൽ പരാതിയും നൽകി. അന്വേഷണം ബിനോയിയിലേക്ക് നീങ്ങിയതോടെ ഇയാൾ ഒളിവിൽ പോയി. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇയാൾ ഫോണും സിമ്മും മാറ്റിയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവരം നൽകിയിട്ടും പൊലീസ് യഥാസമയം നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WNwIMH

Comments

Archive

Contact Form

Send