സ്കൂൾ തുറക്കൽ : മുന്നൊരുക്കം 27ന് പൂർത്തിയാക്കും


തിരുവനന്തപുരം
വിദ്യാലയങ്ങൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗരേഖപ്രകാരമുള്ള പ്രവർത്തനം 27ന് പൂർത്തിയാക്കും. നവംബർ ഒന്നിന് മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.

മുന്നൊരുക്കങ്ങൾ 27ന് പൂർത്തീകരിക്കുമെന്ന് പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. പൂർത്തീകരണ റിപ്പോർട്ട് എഇഒ, ഡിഇഒ വഴി ജില്ലാ അധികാരികൾക്ക് സമർപ്പിക്കണം.

അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പാക്കണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സീമീറ്റർ ഉണ്ടാകണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം. 27ന് പിടിഎ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. അന്നുതന്നെ പിടിഎ നേതൃത്വത്തിൽ രക്ഷാകർത്താക്കളുടെ ചെറുയോഗങ്ങൾ ചേരണം.

സ്കൂളിൽ ഹെൽപ് ലൈൻ സജ്ജമാക്കി മേൽനോട്ട ചുമതല നിശ്ചയിക്കണം. സ്കൂൾ പരിധിയിലെ പൊലീസ് സ്റ്റേഷനുമായി പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെയെങ്കിലും സേവനമുണ്ടാകണം.

കുട്ടികളെ വരവേൽക്കണം
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിദ്യാർഥികളെ സ്കൂളിന്റെ പ്രധാന കവാടത്തിൽ അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും വരവേൽക്കണം. സ്കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷണീയവുമായിരിക്കണം. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാനാകുമോയെന്ന് പരിശോധിക്കണം.

അക്കാദമിക് മാർഗരേഖ
സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട അക്കാദമിക് പ്രവർത്തനങ്ങളുടെ മാർഗരേഖ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jy7TfM

Comments

Archive

Contact Form

Send