എംജി സർവകലാശാല തെരഞ്ഞെടുപ്പ് നടന്നത് നീതിയുക്തമായി: മന്ത്രി ബിന്ദു
തിരുവനന്തപുരം
എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായാണ് നടന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് പരാതി ലഭിച്ചിട്ടില്ല. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് നാല് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. സംഘർഷം തെരഞ്ഞെടുപ്പുനടപടിയെ ഒരു തലത്തിലും ബാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
വോട്ടെടുപ്പ് കഴിഞ്ഞശേഷമാണ് സംഘർഷമുണ്ടായത്. പൊലീസ് ഉടൻ സമാധാനം പുനഃസ്ഥാപിച്ചു. അതിനാൽ വോട്ടെണ്ണലിനെ ഉൾപ്പെടെ ഇത് ബാധിച്ചിട്ടില്ല. വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നത് തടയാനും സ്വതന്ത്ര തെരഞ്ഞെടുപ്പിനും നിലവിൽ ശക്തമായ സംവിധാനമുണ്ട്.
രാജ്യത്തെ മറ്റു സർവകലാശാലകളെ അപേക്ഷിച്ച് റാഗിങ്, ജാതി, ലിംഗവിവേചനങ്ങള് തുടങ്ങിയവ കേരളത്തിലില്ല. ഒറ്റപ്പെട്ട സംഭവമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകും. എംജി കോളേജ് അക്രമത്തിൽ തന്റെ സ്റ്റാഫിലെ ആർക്കും ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3GnLBXU
Comments