സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സരം: ഇതിഹാസം മികച്ച നാടകം

തൃശൂർ
കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടകമത്സര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസ’മാണ് മികച്ച നാടകം. കോഴിക്കോട് സങ്കീർത്തനയുടെ ‘വേനലവധി’യിലൂടെ രാജേഷ് ഇരുളം മികച്ച സംവിധായകനായി.

സമഗ്ര സംഭാവനക്കുള്ള 50,000 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് വക്കം ഷക്കീർ നേടി. ‘വേനലവധി’യിലെ അഭിനയത്തിന് സജി മൂരാടും ‘ഇതിഹാസ’ത്തിലെ പ്രകടനത്തിന് എം ടി സോബിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. പിരപ്പൻകോട് സംഘകേളിയുടെ ‘മക്കളുടെ ശ്രദ്ധയ്ക്ക്’ നാടകത്തിലൂടെ എൻ കെ ശ്രീജ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.

ഹേമന്ത് കുമാർ (വേനലവധി), ഫ്രാൻസിസ് ടി മാവേലിക്കര (മക്കളുടെ ശ്രദ്ധയ്ക്ക്, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘അമ്മ’) എന്നിവരാണ് മികച്ച നാടകകൃത്തുക്കൾ. കരിവള്ളൂർ മുരളിയാണ് (അമ്മ) മികച്ച ഗാനരചയിതാവ്.
മികച്ച നാടകത്തിന് ശിൽപ്പവും പ്രശംസാപത്രവും 50,000 രൂപയും സംവിധായകന് ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും നടീനടന്മാർക്ക് 30,000 രൂപയും ശിൽപ്പവും പ്രശംസാപത്രവും ലഭിക്കും.

‘വേനലവധി’, വരവൂർ വള്ളുവനാട് ബ്രഹ്മയുടെ ‘പാട്ടുപാടുന്ന വെള്ളായി’ എന്നിവയാണ് മികച്ച രണ്ടാമത്തെ നാടകം. അശോക് ശശിയാണ് (ഇതിഹാസം) മികച്ച രണ്ടാമത്തെ സംവിധായകൻ. മഞ്ജു റെജി (അമ്മ), ഗ്രീഷ്മ ഉദയ് (ഇതിഹാസം), ബിജു ജയാനന്ദൻ (പാട്ടുപാടുന്ന വെള്ളായി) എന്നിവരാണ് മികച്ച രണ്ടാമത്തെ നടീനടന്മാർ.

അശോക് ശശിയാണ് (ഇതിഹാസം) മികച്ച രണ്ടാമത്തെ നാടകകൃത്ത്. കണ്ണൂർ നാടകസംഘത്തിന്റെ ‘കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും’ നാടകത്തിൽ പാടിയ വൈക്കം വിജയലക്ഷ്മി, കണ്ണൂർ സംഘചേതനയുടെ ‘ഭോലാറാമി’ലൂടെ സാബു കലാഭവൻ എന്നിവർ മികച്ച ഗായകരായി. അനിൽ എം അർജുനൻ (ഇതിഹാസം) ആണ് മികച്ച സംഗീത സംവിധായകൻ.
ആർട്ടിസ്റ്റ് സുജാതൻ മികച്ച രംഗപട സംവിധായകനായി. മികച്ച ദീപവിതാനം: രാജേഷ് ഇരുളം (വേനലവധി). മികച്ച വസ്ത്രാലങ്കാരം: വക്കം മാഹിൻ (ഇതിഹാസം). സ്പെഷ്യൽ ജൂറി അവാർഡ്: ശിവകാമി തിരുമന (കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും), നന്ദി പ്രകാശ് (ഭോലാറാം).

വിക്രമൻ നായർ (ചെയർമാൻ), സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി), ചന്ദ്രശേഖരൻ തിക്കോടി, ബാബു പറശേരി, ഡോ. ബിയാട്രിക്സ് അലക്സിസ് എന്നിവരടങ്ങിയ ജൂറി പത്ത് നാടകങ്ങളിൽനിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ms3T23

Comments

Archive

Contact Form

Send