സർട്ടിഫിക്കറ്റുകൾക്ക് അലയേണ്ട ; ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം
വിവിധ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമുള്ള അപേക്ഷാ ഫീസ് ഒഴിവാക്കുകയും നടപടിക്രമം ലഘൂകരിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാർ തീരുമാനം ചരിത്രപരം. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പണവും സമയവും ചെലവഴിച്ച് സർക്കാർ ഒഫീസുകൾ കയറിയിറങ്ങുന്നതിനാണ് പുതിയ തീരുമാനത്തോടെ അറുതിയാകുന്നത്.
ഓൺലൈനായി
അപേക്ഷിക്കാം
ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിന് സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കൻഡറി വിഭാഗം, തദ്ദേശഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാൻ കഴിയും. ജില്ലകളിൽ ഡെപ്യൂട്ടി കലക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും.
നേറ്റീവ് സർട്ടിഫിക്കറ്റിന് ജനന സർട്ടിഫിക്കറ്റ് മതി
കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്ത് ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകും.
റസിഡൻസ്
റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാം.
മൈനോറിറ്റി
അപേക്ഷകന്റെ എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. വില്ലേജ് ഓഫീസർ/തഹസിൽദാർ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷകൻ സത്യവാങ്മൂലംകൂടി സമർപ്പിക്കണം.
ലൈഫ് സർട്ടിഫിക്കറ്റ്
ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള "ജീവൻ പ്രമാൺ' ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാം. ഇത് കേരള ട്രഷറിയിലും ബാങ്കുകളിലും ലഭിക്കും. രണ്ടും ഒന്നാണെന്ന് തെളിയിക്കാൻ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി.
ബന്ധുത്വ സർട്ടിഫിക്കറ്റ്
റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനനസർട്ടിഫിക്കറ്റ് എന്നിവയിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
കുടുംബാംഗത്വം
അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുകളുണ്ടെങ്കിൽ റേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം.
ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്
തിരിച്ചറിയൽ രേഖയില്ലാത്തവർക്ക് ഗസറ്റഡ് ഓഫീസർ നൽകുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
ജാതി സർട്ടിഫിക്കറ്റ്
എസ്എസ്എൽസി സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ, തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിനുപകരം പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരിലൊരാളുടെ വിദ്യാഭ്യാസ രേഖയിലെ ജാതി തെളിവായി പരിഗണിക്കാം.
മിശ്രവിവാഹ സർട്ടിഫിക്കറ്റ്
ഭാര്യയുടെയും ഭർത്താവിന്റെയും വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും വേണം.
Credits Kerala || Deshabhimani Online News https://ift.tt/3iIGw2d
Comments