മാർപാപ്പയെ കണ്ട അഞ്ചാമൻ

വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1955 ജൂലൈയിൽ പയസ് പന്ത്രണ്ടാമനെ സന്ദർശിച്ച ജവാഹർലാൽ നെഹ്റുവാണ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ പ്രധാനമന്ത്രി. സംഘത്തിൽ ഇന്ദിര ഗാന്ധിയുണ്ടായിരുന്നു. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പോർച്ചുഗീസുകാർ പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു സന്ദർശനം.1981 നവംബറിൽ ഇറ്റലി സന്ദർശനത്തിനിടെ ഇന്ദിര ഗാന്ധി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്തംബറിൽ ഐ കെ ഗുജ്റാളും 2000 ജൂണിൽ എ ബി വാജ്പേയിയും ജോൺപോൾ രണ്ടാമനെ സന്ദർശിച്ചു.

നായനാരും പിണറായിയും

കേരള മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാർ 1997 ജൂലൈ 18ന് ജോൺപോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചിരുന്നു. അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. മാർപാപ്പയ്ക്ക് സമ്മാനമായി നായനാർ ഭഗവത്ഗീത നൽകി. നായനാർക്ക് മാർപാപ്പ ജപമാല സമ്മാനിച്ചു.

ഇന്ത്യയിൽ വന്നത് രണ്ടുപേർ

1964ൽ പോൾ ആറാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചു. മുംബൈയിൽ നടന്ന ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. 1986 ഫെബ്രുവരിയിലും 1999 നവംബറിലും ജോൺ പോൾ രണ്ടാമൻ ഇന്ത്യയിലെത്തി. 1986ൽ കേരളത്തിലും മാർപാപ്പ എത്തി.

ജോൺപോളിന്റെ 1999ലെ സന്ദർശനത്തിനിടെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗദളുമടക്കം സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധം വലിയ വിമർശം ഏറ്റുവാങ്ങിയിരുന്നു.

ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചും മാർപാപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോർ മാർപാപ്പയെ കൊള്ളക്കാരൻ എന്ന് ആക്ഷേപിക്കുകയും ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZH0fsA

Comments

Archive

Contact Form

Send