പാക് ജയം ആഘോഷിക്കുന്നത് ദേശദ്രോഹമാവില്ല: മുൻ ജഡ്‌ജി
ന്യൂഡൽഹി> ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചാൽ ആഘോഷിക്കുന്നത് രാജ്യദ്രോഹക്കുറ്റമാകുന്നില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി. ഇങ്ങനെ ചിന്തിക്കുന്നതുതന്നെ അസംബന്ധമാണെന്ന് മുൻ ജഡ്ജി ദീപക് ഗുപ്ത വിമർശിച്ചു. ചിലർക്ക് പാകിസ്ഥാൻ ജയിക്കുന്നത് അലോസരമാണെന്ന് കരുതി അതൊരു രാജ്യദ്രോഹക്കുറ്റമാകില്ല. ആഗ്രയിൽ പാക് വിജയം ആഘോഷിച്ച കശ്മീരി വിദ്യാർഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിലനിൽക്കില്ല. മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അവിടെ കളി നടക്കുമ്പോൾ ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുകയും ഇന്ത്യൻ വിജയം ആഘോഷിക്കുകയും ചെയ്യാറുണ്ട്. അവർക്കെതിരെ ആ രാജ്യങ്ങളിൽ കേസെടുത്തതായി അറിവില്ലെന്നും ദീപക് ഗുപ്ത കൂട്ടിച്ചേർത്തു.
അതേസമയം പാക് വിജയം വാട്സാപ് സ്റ്റാറ്റസാക്കിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കശ്മീർ വിദ്യാർഥികൾക്ക് നിയമസഹായം നൽകില്ലെന്ന് ആഗ്രയിലെ അഭിഭാഷക സംഘടനകൾ പറഞ്ഞു. രാജ്യവിരുദ്ധമായ പ്രവർത്തനങ്ങളെ പിന്തുണച്ചാൽ അത് രാജ്യത്തിന് നൽകുന്ന സന്ദേശം നല്ലതായിരിക്കില്ലെന്നും അവർ പറയുന്നു. എന്നാൽ, വിദ്യാർഥികളെ സഹായിക്കുമെന്ന് ജമ്മു കശ്മീർ വിദ്യാർഥി അസോസിയേഷൻ അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/3GFzlCm
Comments