എംഡിഎംഎ കേസ് : ‘ടീച്ചറു’ടെ ബാങ്കിടപാടുകൾ ; പരിശോധന തുടങ്ങി
കൊച്ചി
കാക്കനാട്ട് എംഡിഎംഎ പിടിച്ച കേസിലെ മുഖ്യകണ്ണിയായ ‘ടീച്ചർ’ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പിന്റെ ബാങ്ക് ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിലെ മറ്റു പ്രതികൾക്ക് സുസ്മിത പണം നൽകിയതായി കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് വിൽപ്പനസംഘത്തിലെ ബുദ്ധികേന്ദ്രമാണ് സുസ്മിതയെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇവർവഴി ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റിട്ടുണ്ട്. ബിഎഡ് ബിരുദമുള്ള സുസ്മിത, സ്കൂൾകുട്ടികൾക്ക് ഓൺലൈനിൽ ട്യൂഷൻ ക്ലാസുകൾ എടുത്തിരുന്നു. വില കൂടിയ വിദേശ ഇനം നായകളോടുള്ള ഇഷ്ടമാണ് ഇവരെ മയക്കുമരുന്നുസംഘത്തിലേക്ക് അടുപ്പിച്ചത്. ഒന്നാംപ്രതി മുഹമ്മദ് ഫവാസ്, ഷബ്ന എന്നിവരുമായി വളരെ നാളത്തെ സൗഹൃദമുണ്ട്. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളർത്തുന്നതായിരുന്നു ഹോബി. സുസ്മിതയുടെ നായ്ക്കളെ മയക്കുമരുന്ന് കടത്തുമ്പോൾ ഉപയോഗിച്ചിരുന്നു. ഇവർക്ക് സിനിമാമേഖലയിലുള്ളവരുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്നുപാർടിയുടെ (റേവ് പാർടി) ഭാഗമായി സുസ്മിതയും മറ്റു പ്രതികളും എറണാകുളം എംജി റോഡിലെ ഹോട്ടലിൽ താമസിച്ചിരുന്നതായി കണ്ടെത്തി. സുസ്മിതയുമായി ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഒന്നാംപ്രതി മുഹമ്മദ് ഫവാസും അഞ്ചാംപ്രതി ഷബ്നയും വ്യാജ തിരിച്ചറിയിൽരേഖയാണ് ഹോട്ടലിൽ കാണിച്ചത്.
വ്യാജരേഖ ചമച്ചതിനാൽ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ടി എം കാസിം പറഞ്ഞു. മയക്കുമരുന്നുപാർടിയിൽ പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. സുസ്മിത തങ്ങിയ കാക്കനാട്ടെ അപ്പാർട്ട്മെന്റിലും പേയിങ് ഗസ്റ്റായി താമസിച്ച എളമക്കരയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
Credits Kerala || Deshabhimani Online News https://ift.tt/3AhwlaL
Comments