കുട്ടികൾ നാളെ സ്കൂളിലേക്ക് : മാസ്കാണ് താരം
തിരുവനന്തപുരം> ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുട്ടികളുടെ ആരോഗ്യത്തിനും കോവിഡ് പ്രതിരോധത്തിനും. വീട്ടിലിരുന്നുള്ള പഠനത്തിന് വിരാമമിട്ട് പ്രതീക്ഷയോടെയാണ് കുട്ടികൾ വിദ്യാലയങ്ങളിലെത്തുന്നത്. ആദ്യമായി സ്കൂൾ കാണാൻ പോകുന്നത് ലക്ഷക്കണക്കിനു കുട്ടികളാണ്. ഒരേസമയം സന്തോഷവും രോഗവ്യാപനത്തിന്റെ ഭീതിയും കുട്ടികൾക്കുണ്ടാകും. ഇക്കാര്യത്തിൽ പരിഹാരം കണ്ടെത്താൻ അധ്യാപകർ സജ്ജം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പും ഒപ്പമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളുടെ ശാരീരികാരോഗ്യംപോലെതന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തണം– -മന്ത്രി പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ ഇ–- സഞ്ജീവനിയുമായോ ബന്ധപ്പെടാം. കോവിഡ് പ്രതിരോധം ഇടയ്ക്കിടെ അധ്യാപകർ ഓർമിപ്പിക്കണം. സ്കൂളിലെത്തുന്ന എല്ലാ വിദ്യാർഥികൾക്കും മന്ത്രി ആശംസയും അറിയിച്ചു.
മറക്കരുത് ഇക്കാര്യങ്ങൾ
● ബയോബബിൾ അടിസ്ഥാനത്തിൽമാത്രം ക്ലാസുകൾ, ഓരോ ബബിളിലുള്ളവർ അതത് ദിവസംമാത്രം എത്തുക
● രോഗലക്ഷണമുള്ളവരും സമ്പർക്കപ്പട്ടികയിലുള്ളവരും സ്കൂളിൽ പോകരുത്
● ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ഉറപ്പാക്കുക
● ആഹാരം കഴിച്ചശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നത് നല്ലത്
● ക്ലാസിലെ ജനാലകളും വാതിലുകളും തുറന്നിടണം
● ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഈ സമയം കഴിവതും സംസാരിക്കാതിരിക്കുക
● രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണം
● ഓരോ സ്കൂളും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം
Credits Kerala || Deshabhimani Online News https://ift.tt/3BwNjCq
Comments