കുഞ്ഞിനെ അമ്മയ്‌ക്ക്‌ നൽകണമെന്നാണ്‌ പാർടി നിലപാട്‌: ആനാവൂർ നാഗപ്പൻ


തിരുവനന്തപുരം
പേരൂർക്കടയിൽ അമ്മയിൽനിന്ന് കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ കുഞ്ഞിനെ അമ്മയ്ക്ക് കിട്ടണമെന്നാണ് സിപിഐ എം നിലപാടെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

വിഷയം ഒരു വർഷംമുമ്പാണ് പാർടിക്കുമുന്നിൽ വരുന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് സമീപിച്ചത്. വിവാഹിതനായ ഡിവൈഎഫ്ഐ പ്രവർത്തകൻ അജിത്തുമായി മകൾ അടുപ്പത്തിലാണെന്നും പിന്തിരിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് പാർടി ലോക്കൽ കമ്മിറ്റിയംഗംകൂടിയായ അജിത്തിന്റെ അച്ഛനെ വിളിച്ചുവരുത്തി. സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുള്ളപ്പോൾ മറ്റൊരു പെൺകുട്ടിയുമായി മകൻ അടുപ്പത്തിലാണെന്നും മകനെ വിലക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. അജിത്തിന്റെ ഭാര്യയുടെ കുടുംബവും പാർടി അനുഭാവികളാണ്. മകനുമായി സംസാരിക്കുമെന്നു പറഞ്ഞാണ് അച്ഛൻ മടങ്ങിയത്. പിന്നീടാണ് പെൺകുട്ടിയുടെ കത്ത് ലഭിച്ചത്. പ്രസവിച്ച് അബോധാവസ്ഥയിൽ കഴിയുമ്പോൾ കുഞ്ഞിനെ അച്ഛൻ മാറ്റിയെന്നും കുഞ്ഞിനെ കണ്ടെത്തണമെന്നുമായിരുന്നു കത്തിൽ.

പാർടി ലോക്കൽ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചുവരുത്തി. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നൽകിയെന്നും മകളുടെ സമ്മതത്തോടെയാണ് അത് എന്നുമായിരുന്നു മറുപടി. കുഞ്ഞിനെ തിരിച്ചുകൊടുക്കണമെന്നു പറഞ്ഞപ്പോൾ നിയമപരമായ നടപടിയിലൂടെയല്ലാതെ കുഞ്ഞിനെ വീണ്ടെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് പെൺകുട്ടി ഫോൺ ചെയ്യുന്നത്. പാർടിക്ക് പ്രശ്നം പരിഹരിക്കാനാകില്ലെന്നും നിയമപരമായേ പരിഹരിക്കാൻ കഴിയൂവെന്നും അതിനുള്ള നടപടി സ്വീകരിക്കാനും പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കത്തും ജില്ലാ സെക്രട്ടറിയറ്റ് ചർച്ച ചെയ്തു. ശിശുക്ഷേമ സമിതി നിബന്ധനകൾ പാലിച്ചാണ് കുഞ്ഞിനെ ദത്തെടുക്കുന്നത്. ദത്തെടുത്ത കുഞ്ഞിനെക്കുറിച്ചുള്ള വിവരം പുറത്തുപറയാൻ പാടില്ല.

കുഞ്ഞിനെ ലഭിച്ച വിവരം പത്രത്തിൽ പരസ്യം നൽകി അവകാശികൾ ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ദത്തെടുക്കുന്നത്. അങ്ങനെയുള്ള കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സമിതിക്ക് അവകാശമില്ലെന്നും അതിന് കോടതി ഇടപെടൽ വേണമെന്നുമാണ് ബന്ധപ്പെട്ടവരും പറഞ്ഞത്. പെൺകുട്ടിയെയോ അജിത്തിനെയോ നേരിട്ടു കണ്ടിട്ടില്ലെന്നും ആനാവൂർ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3BbgScx

Comments

Archive

Contact Form

Send