അരങ്ങിന് മൂർച്ചകൂട്ടിയ തൂലിക
മാവേലിക്കര > കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം മൂന്നാംതവണയും ഫ്രാൻസിസ് ടി മാവേലിക്കരയ്ക്ക്. ഇത്തവണത്തെ പുരസ്കാരം ഹേമന്ദ് കുമാറുമായി പങ്കിട്ടു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ, പിരപ്പൻകോട് സംഘകേളിയുടെ മക്കളുടെ ശ്രദ്ധക്ക് എന്നിവയുടെ രചനയ്ക്കാണ് പുരസ്കാരം. 2017 ൽ ഒരുനാഴി മണ്ണ്, 2018ൽ വേറിട്ട കാഴ്ചകൾ എന്നിവയ്ക്കാണ് പുരസ്കാരം. എട്ടാമത്തെ സംസ്ഥാന പുരസ്കാരമാണ് ലഭിക്കുന്നത്.
ജർമൻ നാടകകൃത്ത് ബ്രഹ്തോൾഡ് ബ്രഹ്തിന്റെ 'ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ' നാടകത്തിന്റെ സ്വതന്ത്രആവിഷ്കാരമാണ് അമ്മ. 1944ൽ അമേരിക്കയിൽവച്ച് ബ്രഹ്ത് എഴുതിയ നാടകം വടക്കേ ഇന്ത്യൻ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുകയായിരുന്നു.
പ്രണയക്കൊലയുടെ പശ്ചാത്തലത്തിലാണ് മക്കളുടെ ശ്രദ്ധക്ക് എഴുതിയത്. 1984ൽ കെപിഎസി സുലോചനയ്ക്കുവേണ്ടി എഴുതിയ സൂര്യകാന്തമാണ് ആദ്യനാടകം. വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി, പാച്ചുവും കോവാലനും സിനിമകൾക്ക് തിരക്കഥയുമെഴുതി. ഉത്തരേന്ത്യയിലെ കർഷക, ദളിത് ജീവിതദുരിതം പറഞ്ഞ ഒരുനാഴി മണ്ണിന്റെ പേരിൽ സംഘപരിവാറിന്റെ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്.
കോവിഡ് കാലത്ത് 15 ലേറെ നാടകം രചിച്ചു. ചങ്ങമ്പുഴയുടെ രമണന് പുതിയ വ്യാഖ്യാനം നൽകുന്ന ചന്ദ്രികയ്ക്കുമുണ്ടൊരു കഥപറയാൻ നാടകം ചന്ദ്രികയുടെ കാഴ്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്. ഹിറ്റ്ലറുടെ ഫാസിസത്തിനെതിരെ 1940ൽ പുറത്തിറക്കിയ ദി ഗ്രേറ്റ് ഡിക്ടേറ്റർ ചലച്ചിത്രത്തെ ആധാരമാക്കി രചിച്ചതാണ് ചാർളി ചാപ്ലിൻ. സിനിമ കാണാനിടയായ ഹിറ്റ്ലറുടെ സ്വപ്നത്തിൽ എത്തുന്ന ചാപ്ലിൻ ഹിറ്റ്ലറുമായി ഫാസിസത്തിനെതിരെ നടത്തുന്ന സംവാദമാണ് ഇതിവൃത്തം. പിള്ളേച്ചൻ ക്വാറന്റൈനിലാണ്, മരുഭൂമി പോലൊരു മനസ്, നിറം പിടിപ്പിച്ച നുണകൾ ശ്രവ്യനാടകങ്ങളും കോവിഡ് കാല സൃഷ്ടികളാണ്. ടെറൻസ് ഫെർണാണ്ടസിന്റെയും വിക്ടോറിയയുടെയും മകനായി 1960 മാർച്ച് 16ന് മാവേലിക്കരയിലാണ് ജനനം. ഭാര്യ: മരിയ. മക്കൾ: ഫേബിയൻ, ഫ്യൂജിൻ, ഏയ്ഞ്ചൽ.
Credits Kerala || Deshabhimani Online News https://ift.tt/3Gy7WlL
Comments