മോൻസൺ സഹകരിക്കുന്നില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ ; വ്യാജരേഖ ഐപാഡിൽ കണ്ടെത്താനായില്ല


കൊച്ചി
സാമ്പത്തികതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ എച്ച്എസ്ബിസി ബാങ്കിന്റെതായി ചമച്ച വ്യാജരേഖ മോൻസണിന്റെ ഐപാഡിൽ കണ്ടെത്താനായില്ല. കേസിലെ പ്രധാന തെളിവായ വ്യാജരേഖ മോൻസൺ ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ബ്രിട്ടീഷ് മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഹോങ്കോങ് ആൻഡ് ഷാങ്ഹായ് ബാങ്കിങ് കോർപറേഷന്റെ (എച്ച്എസ്ബിസി) പേരിൽ മോൻസൺ ചമച്ച വ്യാജരേഖയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വഞ്ചനാ കേസിലെ പ്രധാനതെളിവ്. പുരാവസ്തുക്കളും രത്നങ്ങളും വിറ്റുകിട്ടിയ 2,62,600 കോടിരൂപ തന്റെ അക്കൗണ്ടിലുള്ളതായാണ് മോൻസൺ വ്യാജരേഖ ചമച്ചത്. ബാങ്ക് സീൽ പതിച്ച രേഖ വിശ്വസിച്ചാണ് പരാതിക്കാർ 10 കോടിരൂപ മോൻസണ് നൽകിയത്. ഐപാഡിൽ സൂക്ഷിച്ചിരുന്ന രേഖ പരാതിക്കാരെ കാണിച്ചു. പകർപ്പ് ഇമെയിലിലും വാട്സാപ്പിലും നൽകി. ഈ ഐപാഡും മൂന്ന് ആപ്പിൾ ഐ ഫോണുകളും ആപ്പിൾ സ്മാർട്ട് വാച്ചും ബ്ലൂടൂത്ത് റിമോട്ട് കൺട്രോൾ സംവിധാനമുള്ള സ്വർണനിറത്തിലുള്ള സ്മാർട്ട് മോതിരവും മോൻസണെ അറസ്റ്റ് ചെയ്യുമ്പോൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള രേഖ വ്യാജമാണെന്ന് ബാങ്കിന്റെ കൊച്ചി ശാഖ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വ്യാജരേഖ ചമച്ചുള്ള വഞ്ചനാക്കുറ്റത്തിന് ഐപിസി 468, 471, 420 വകുപ്പുകൾപ്രകാരം കേസെടുത്തു. ഏഴുവർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണിത്. ബാങ്കിന്റെ പേരിലുള്ള വ്യാജരേഖ സംബന്ധിച്ച ചോദ്യങ്ങളോടും മോൻസൺ സഹകരിക്കുന്നില്ല. ഫോറൻസിക് പരിശോധനയിലൂടെ ഡിലീറ്റ് ചെയ്ത വിവരങ്ങളും ഐപാഡിൽനിന്ന് കണ്ടെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. വ്യാജരേഖ നിർമിച്ചത് എങ്ങനെ, സഹായികളുണ്ടായിരുന്നോ, ആരൊക്കെ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നു. ഫെമ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധിയെന്ന പേരിൽ മോൻസൺ പരാതിക്കാരെ കാണിച്ചതും വ്യാജരേഖയാണെന്നാണ് നിഗമനം.

ഭക്ഷണം വേണ്ട; ഗുളിക മതി
ഭക്ഷണത്തിനുപകരം പ്രോട്ടീൻ ഗുളികകളും ഉത്തേജക പാനീയങ്ങളും ശീലമാക്കിയ മോൻസൺ മാവുങ്കൽ സാധാരണ ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിൽ ഭക്ഷണത്തിനുപകരം പ്രോട്ടീൻ ഗുളിക നൽകാനാകാത്തതിനാൽ ഇതേകാരണം പറഞ്ഞ് മോൻസൺ ചോദ്യംചെയ്യലുമായി സഹകരിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. എന്നാൽ, കോസ്മറ്റോളജിസ്റ്റായ താൻ വർഷങ്ങളായി ഭക്ഷണം ഉപേക്ഷിച്ചാണ് ജീവിക്കുന്നതെന്നാണ് മോൻസണിന്റെ മറുപടി.

നടൻ വിക്രമിന്റെ ബിനാമി ചമഞ്ഞും തട്ടിപ്പിന് ശ്രമം
മോൻസൺ മാവുങ്കൽ നടൻ വിക്രമിന്റെ പേരിലും തട്ടിപ്പിന് ശ്രമിച്ചതായി പരാതി. മട്ടാഞ്ചേരിയിലെ പുരാവസ്തു വിൽപ്പനകേന്ദ്രം വാങ്ങാൻ നടൻ വിക്രമിന്റെ ബിനാമിയെന്ന് അവകാശപ്പെട്ടാണ് മൂന്നുവർഷംമുമ്പ് മോൻസൺ എത്തിയതെന്ന് കടയുടമ അബ്ദുൾ സലാം പറഞ്ഞു. എച്ച്എസ്ബിസി ബാങ്കിൽ പണമുണ്ടെന്ന രേഖ കാണിച്ചായിരുന്നു തട്ടിപ്പുശ്രമം. 10 കോടിരൂപ തട്ടിച്ച കേസിലെ പരാതിക്കാരെയും ഇതേ രേഖ കാണിച്ചാണ് മോൻസൺ കബളിപ്പിച്ചത്. അസുഖം വന്നതിനാലാണ് സ്ഥാപനം വിൽക്കാൻ തീരുമാനിച്ചത്. എറണാകുളത്തെ സുഹൃത്തായിരുന്നു ഇടനിലക്കാരൻ. 50 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. നടൻ വിക്രമാണ് പണം ഇറക്കുന്നതെന്നും അദ്ദേഹം ഇവിടെ എത്തുമെന്നും താൻ വിക്രമിന്റെ ബിനാമിയാണെന്നും പറഞ്ഞിരുന്നതായും അബ്ദുൾ സലാം പറഞ്ഞു. എന്നാൽ, പിന്നീട് മോൻസൺ ബന്ധപ്പെട്ടില്ലെന്നും അബ്ദുൾ സലാം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mfIND0

Comments

Archive

Contact Form

Send