കേരളവും കുറച്ചു ; ആനുപാതിക നികുതിവർധന വേണ്ടെന്നുവച്ചു, പെട്രോൾ 1.56, ഡീസൽ 2.30 രൂപ


തിരുവനന്തപുരം
കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരും കുറവ് വരുത്തി. ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയും സംസ്ഥാനവിഹിതം കുറഞ്ഞു. വിൽപ്പന നികുതിയിലെ ഈ കുറവുവഴി കുറഞ്ഞത് 500 കോടിയിലധികം രൂപയുടെ നഷ്ടം ഈവർഷം സംസ്ഥാനത്തിനുണ്ടാകും. അടുത്തവർഷം 1000 കോടിയിലധികമാകും.

ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കാനാണ് നികുതിവർധന വേണ്ടെന്നുവച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഇന്ധനവില കുറഞ്ഞപ്പോഴെല്ലാം നികുതി വർധിപ്പിച്ച് വരുമാനം നിലനിർത്തുകയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ആറുവർഷത്തിൽ നികുതി ഉയർത്തിയിട്ടില്ല. ഒരുതവണ കുറച്ചതിലൂടെ 1500 കോടിയിലേറെ രൂപയുടെ ആശ്വാസവും നൽകി. കോവിഡിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും അഞ്ചുരൂപവരെ പ്രത്യേക തീരുവ ഏർപ്പെടുത്തിയിരുന്നു. കേരളം അങ്ങനെ ചെയ്തിട്ടില്ല. ചില സംസ്ഥാനങ്ങൾ ഈ സെസ് ഇപ്പോൾ പിൻവലിക്കുന്നുണ്ട്.

ലിറ്റർ പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര നികുതി. ശതമാന അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നികുതി. പെട്രോളിന് 30.08 ശതമാനവും ഡീസലിന്റേത് 22.76 ശതമാനവും. വിലകൂടുമ്പോൾ നികുതി കൂടുകയും കുറയുമ്പോൾ കുറയുകയും ചെയ്യും. ഇപ്പോഴത്തെ വിലക്കുറവിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞു. ഈ നഷ്ടം നികത്താൻ നികുതി വർധിപ്പിക്കേണ്ടെന്ന നിലപാടിലൂടെയാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്നത്.

യുപിഎ സർക്കാർ പെട്രോൾ വിലനിർണയാധികാരം കമ്പോളത്തിന് വിട്ടുകൊടുത്തു. കേന്ദ്രത്തിന്റെ പ്രത്യേക എക്സൈസ് തീരുവയിലൂടെ വില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 8.1 രൂപയുണ്ടായിരുന്ന നികുതി 31 രൂപയാക്കി. ഡീസലിന് 2.10 രൂപയിൽനിന്ന് 30 രൂപയുമാക്കി. 15 ഇരട്ടിയിലധികമാണ് വർധന. ഇതു മറച്ചുവച്ചാണ് ബിജെപിയും കോൺഗ്രസും സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കുന്നത്. കോൺഗ്രസും യുഡിഎഫും ബിജെപിയുടെ വക്താക്കളായി. ഉപതെരഞ്ഞെടുപ്പിലെ പരാജത്തിന്റെ പാഠത്തിൽനിന്നാണ് കേന്ദ്രം ചെറിയ തോതിൽ എക്സൈസ് തീരുവ കുറയ്ക്കാൻ തയ്യാറായതെന്നും ധനമന്ത്രി പറഞ്ഞു.

നികുതി കുറയ്ക്കാനാകില്ലെന്ന് കോണ്​ഗ്രസ് ഭരണസംസ്ഥാനങ്ങള്
പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാനനികുതി കുറയ്ക്കാനാകില്ലെന്ന് കോണ്​ഗ്രസ് ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാനും പഞ്ചാബും ഛത്തീസ്ഗഢും. ബിജെപിയിതര കക്ഷികള് ഭരിക്കുന്ന തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, ജാർഖണ്ഡ്, ബംഗാൾ, ഒഡിഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും നികുതി വിഹിതം പഴയനിരക്കില്.

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുമ്പോള് അതിനനുസരിച്ച് സംസ്ഥാന നികുതി കുറയും. ഇപ്പോൾ കേന്ദ്രം വരുത്തിയ കുറവ് വഴി രാജസ്ഥാന്റെ നികുതി വരുമാനത്തിൽ പ്രതിവർഷം 1800 കോടി രൂപയുടെ ഇടിവുണ്ടാകുമെന്ന് ഗെലോട്ട് പറഞ്ഞു. രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3GX8rpF

Comments

Archive

Contact Form

Send