20 ലക്ഷം തൊഴിൽ പദ്ധതിക്ക് അംഗീകാരം ; കെ- ഡിസ്‌ക്‌ പദ്ധതി സമീപനരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു


തിരുവനന്തപുരം
അഞ്ചുവർഷത്തിൽ 20 ലക്ഷംപേർക്ക് തൊഴിൽ ഉറപ്പാക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിക്ക് സർക്കാർ അംഗീകാരം.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ- ഡിസ്ക്) തയ്യാറാക്കിയ പദ്ധതി സമീപനരേഖ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചു. കെ ഡിസ്ക്കിന് കീഴിലാകും മിഷൻ പ്രവർത്തിക്കുക. വിശദ പദ്ധതി രേഖ തയ്യാറാക്കാൻ അനുമതി നൽകി.

പദ്ധതിക്കായി കെ ഡിസ്ക്കിന് ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, അന്താരാഷ്ട്ര ധനകാര്യകോർപറേഷൻ എന്നിവരോട് ധനസമാഹരണ മാർഗം തേടാം. ഈ ഏജൻസികളുമായി പ്രാഥമിക ആലോചന ആരംഭിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. 10,600 കോടി രൂപയാണ് പദ്ധതി അടങ്കൽ. സംസ്ഥാന ബജറ്റിൽ 300 കോടി നീക്കിവച്ചിട്ടുണ്ട്. നൈപുണി പരിശീലനം, ഇതിന് അടിസ്ഥാന സൗകര്യം, പിഎഫും- ഇൻഷുറൻസും, തൊഴിലിട സജ്ജീകരണം എന്നിവയ്ക്കാണ് 5000 കോടി. സ്കിൽ സിറ്റി, സ്കിൽ ലൈസിയം, ടാലന്റ് പൂൾ രൂപീകരണം എന്നിവയ്ക്ക് 5600 കോടിയും.

നൈപുണി വികസന ജനകീയ പ്രചാരണം
65 ലക്ഷം കുടുംബത്തിലേക്ക് നൈപുണി വികസന പ്രചാരണമെത്തിക്കും. തൊഴിൽ മുടങ്ങിയ അഞ്ചുലക്ഷം വനിതകൾ, 40 ലക്ഷത്തോളം വിദ്യാസമ്പന്നർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർചെയ്ത 16 ലക്ഷം പേർ എന്നിങ്ങനെയുണ്ട്. പ്രചാരണത്തിൽ കുടുംബശ്രീ, സംഘടനകൾ, സർക്കാർ–- സർക്കാരേതര സ്ഥാപനങ്ങൾ എന്നിവർ പങ്കാളിയാകും.

അഞ്ചുവർഷത്തിൽ 35 ലക്ഷം പേർക്ക് നൈപുണി പരിശീലനം ഉറപ്പാക്കും. നിലവിൽ വർഷം ഒന്നരലക്ഷമാണ്. വ്യവസായ അനുയോജ്യ പരിശീലനമാണ് ഉറപ്പാക്കുക. വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി എന്നിവയും പദ്ധതി ലക്ഷ്യമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cPIQRm

Comments

Archive

Contact Form

Send