അസമിൽ കോൺഗ്രസിന്‌ വൻ വോട്ട്‌ ചോർച്ച ; 5 സീറ്റിലും ദയനീയമായി തോറ്റു


ന്യൂഡൽഹി
വടക്കുകിഴക്കൻ മേഖലയിലെ ശക്തികേന്ദ്രമായിരുന്ന അസമിലും കോൺഗ്രസിന് കാലിടറുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റിലും കോൺഗ്രസ് ദയനീയമായി തോറ്റു. വോട്ട് വിഹിതവും ഗണ്യമായി ഇടിഞ്ഞു. സിറ്റിങ് സീറ്റായിരുന്ന തൗറയിൽ ലഭിച്ചത് 6.65 ശതമാനം വോട്ടു മാത്രം.1983 മുതൽ 2006 വരെ കോൺഗ്രസ് തുടർച്ചയായി ജയിച്ച താമുൽപുരിൽ വോട്ട് വിഹിതം 5.34 ശതമാനമായി. സിറ്റിങ് സീറ്റായിരുന്ന മരിയാനിയിൽ 17.3 ശതമാനത്തിലേക്ക് വോട്ട് ഇടിഞ്ഞു. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ സിറ്റിങ് സീറ്റായിരുന്നു മൂന്നെണ്ണം. ഭബാനിപുർ, മരിയാനി, തൗറ സീറ്റുകളിൽ ജയിച്ച മഹാസഖ്യം സ്ഥാനാർഥികൾ ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗൊസൈഗാവ്, താമുൽപുർ മണ്ഡലങ്ങളിൽ എംഎൽഎമാർ മരിച്ചു.

മഹാസഖ്യം പാർടികളുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് എൻഡിഎയെ ഉപതെരഞ്ഞെടുപ്പിൽ നേരിട്ടത്. ഗൊസൈഗാവിൽ എൻഡിഎ സ്ഥാനാർഥി ജയിക്കാൻ വഴിയൊരുക്കിയത് പ്രതിപക്ഷനിരയിലെ ഭിന്നിപ്പാണ്. എൻഡിഎ സ്ഥാനാർഥിക്ക് 58,769 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 30,517ഉം മഹാസഖ്യം കക്ഷികളായിരുന്ന എഐയുഡിഎഫിന് 19,255ഉം ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടിന് 20,435 വോട്ടും ലഭിച്ചു.

എന്നാൽ, മഹാസഖ്യത്തിലെ ഭിന്നതയല്ല തോൽവിക്ക് കാരണമെന്ന് പിസിസി പ്രസിഡന്റ് റിപുൻ ബോറ അവകാശപ്പെട്ടു. ഭരണകക്ഷിയായ ബിജെപി ജയിച്ചില്ലെങ്കിൽ തങ്ങളുടെ മണ്ഡലം വികസന കാര്യങ്ങളിൽ തഴയപ്പെടുമെന്ന ആശങ്ക വോട്ടർമാർക്കുണ്ടായെന്നും ബോറ പറഞ്ഞു. അസമിനൊപ്പം മധ്യപ്രദേശിലും കോൺഗ്രസിന് തിരിച്ചടിയേറ്റു. സിറ്റിങ് സീറ്റുകളായ ജോബത്തിലും പ്രഥ്വിപുരിലും കോൺഗ്രസ് തോറ്റു. റായ്ഗാവ് മണ്ഡലത്തിൽ ജയിക്കാനായെങ്കിലും ഇവിടെ ബിഎസ്പിയുടെ പിന്തുണയാണ് നിർണായകമായത്. ഖാണ്ഡ്വ ലോക്സഭാ മണ്ഡലത്തിലും കോൺഗ്രസ് 82,000ത്തോളം വോട്ടിന് തോറ്റു.



Credits National || Deshabhimani ​Online ​News https://ift.tt/3q5dVZq

Comments

Archive

Contact Form

Send