പ്ലസ്‌ടു: 52 അധികബാച്ചിന് ശുപാർശ


തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ചിട്ടും ഇനിയും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി 52 അധിക ബാച്ച് പരിഗണനയിൽ. കൂടാതെ, 20 ബാച്ച് ജില്ലമാറ്റി നൽകാനും നിർദേശമുണ്ട്.

12,284 വിദ്യാർഥികൾക്കാണ് സംസ്ഥാനത്ത് ആകെ പ്രവേശനം ലഭിക്കാനുള്ളത്. മലപ്പുറം (5277), കോഴിക്കോട്(2094), പാലക്കാട് -(1805) എന്നീ ജില്ലകളിലാണ് കൂടുതൽ കുട്ടികൾക്ക് പ്രവേശനം കിട്ടാനുള്ളത്. പത്തനംതിട്ടയിൽ ഒരു കുട്ടിക്കും കോട്ടയം–- 32, ഇടുക്കി–- 14, ആലപ്പുഴ–- 32 എന്നിങ്ങനെയും പ്രവേശനം ലഭിക്കാനുണ്ട്. ഇത് വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗം പരിഗണിച്ചു. തൃശൂർമുതൽ വടക്കോട്ടുള്ള ജില്ലകളിൽ അധിക ബാച്ച് മതിയെന്നാണ് ധാരണ. മലപ്പുറം–- 30, കോഴിക്കോട്–- 20, പാലക്കാട്–- 10 എന്നിങ്ങനെ അധികബാച്ചുകൾ അനുവദിച്ചേക്കും. എന്നാൽ, തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന 20 ബാച്ച് വടക്കൻ ജില്ലകളിലേക്ക് മാറ്റിയശേഷമായിരിക്കും ബാക്കി അധികബാച്ചുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം.

ഒരു കുട്ടിപോലും പ്രവേശനം നേടാത്ത സാഹചര്യം ഉണ്ടാകില്ലെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം നടപ്പാക്കാനുള്ള അന്തിമ നടപടികളിലാണ് വിദ്യാഭ്യാസ വകുപ്പ്.

ക്ലാസുകൾ വൈകിട്ടുവരെ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠനസമയം ഡിസംബർ ഒന്നുമുതൽ വൈകിട്ട് അഞ്ച് വരെയാക്കാൻ ആലോചന. നിലവിൽ പകൽ 10 മുതൽ ഒന്നുവരെയുള്ള ക്ലാസുകൾ അതേ ഷിഫ്റ്റ് സമ്പ്രദായത്തിൽ വൈകിട്ട്വരെയാക്കുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ഡിസംബർ ഒന്നുമുതൽ ക്ലാസുകൾ വൈകിട്ടുവരെയാക്കാമെന്നും ഡിസംബർ 15 മുതൽ മതിയെന്നും അഭിപ്രായം ഉയർന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിർദേശംകൂടി പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3HPw5Vk

Comments

Archive

Contact Form

Send