രാജ്യത്തിന്റെ നടുവൊടിച്ച ‘പരിഷ്കാര'ത്തിന് 5 വർഷം ; നോട്ട് മാറാൻ ദിവസങ്ങൾ വരിനിന്ന നൂറുകണക്കിനുപേർ മരിച്ചു
ന്യൂഡൽഹി
അഞ്ചുവർഷം പിന്നിടുമ്പോഴും ഒന്നാം മോദി സർക്കാരിന്റെ അപ്രതീക്ഷിത കറൻസി പിൻവലിക്കലിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് കരകയറാനാകാതെ രാജ്യം. രാജ്യത്തെ ദരിദ്രരുടെ എണ്ണം എട്ടു വർഷത്തിൽ എട്ടുകോടി കൂടിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനൊപ്പമാണ് നോട്ട് നിരോധനത്തിന്റെ അഞ്ചാം വാർഷികവും.
2016 നവംബർ എട്ട് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അപ്രതീക്ഷിതമായി അഭിസംബോധന ചെയ്തത്. പ്രചാരത്തിലുണ്ടായിരുന്ന കറൻസി നോട്ടുകളിൽ 85 ശതമാനം വരുന്ന 1000, 500 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചു. പഴയ നോട്ട് മാറാൻ ഡിസംബർ 30വരെമാത്രം സമയം നൽകി.
അടുത്ത ദിവസംമുതൽ ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂവുണ്ടായി. മണിക്കൂറുകളും ദിവസങ്ങൾപോലും വരിനിന്ന് കുഴഞ്ഞുവീണ് നൂറുകണക്കിനാളുകൾ മരിച്ചു. ഡിസംബർ 30ന് ശേഷവും ബാങ്കുകൾക്ക് മുന്നിലെ ജനത്തിരക്ക് തുടർന്നതോടെ സർക്കാരിന് തീയതി നീട്ടേണ്ടിവന്നു. ലക്ഷക്കണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി. സംഘടിത മേഖലയിൽ 50 ലക്ഷം പേർ തൊഴിൽരഹിതരായി. അസംഘടിത മേഖലയിൽ പതിന്മടങ്ങ്.
2015–-16ൽ 8.2 ശതമാനമായിരുന്ന രാജ്യത്തിന്റെ ജിഡിപി വളർച്ച 2019–-20ൽ നാല് ശതമാനത്തിലേക്ക് കൂപ്പുകുത്തി. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരിലായിരുന്നു കറൻസി പിൻവലിക്കൽ. 18 ലക്ഷം കോടി കറൻസിയിൽ അഞ്ചു ലക്ഷം കോടിയെങ്കിലും മടങ്ങിവരില്ലെന്ന സർക്കാർ കണക്കുകൂട്ടൽ തെറ്റി. ഏതാണ്ട് നൂറു ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തി. ഇതോടെ, കറൻസിരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനാണ് നോട്ട് നിരോധിച്ചതെന്നായി പുതിയ വാദം. എന്നാൽ, 2021 ഒക്ടോബറിൽ 29.17 ലക്ഷം കോടി കറൻസിയാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2016 നവംബറിലേതിനേക്കാൾ 11.43 ലക്ഷം കോടി കൂടുതൽ. നിരോധിച്ച 1000നും 500നും പകരം പുതിയ 2000, 500, 200 രൂപ കറൻസികൾ പുറത്തിറക്കേണ്ടിയും വന്നു.
Credits National || Deshabhimani Online News https://ift.tt/3BUMiEH
Comments