അതിതീവ്ര മഴയ്‌‌ക്ക്‌ സാധ്യത; 7 അണക്കെട്ടിൽ റെഡ്‌ അലർട്ട്‌

തിരുവനന്തപുരം > കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റം ഞായറാഴ്ച തെക്കൻ കേരളത്തിലും തിങ്കളാഴ്ച മധ്യ, വടക്കൻ കേരളത്തിലും അതിതീവ്ര മഴ പ്രവചിച്ചു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റെയ്ഞ്ച് വെതർ ഫോർകാസ്റ്റ് ഞായറാഴ്ച സംസ്ഥാന വ്യാപകമായും തിങ്കളാഴ്ച കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും അതിതീവ്ര മഴയുടെ സൂചന നൽകി.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഐഎംഡി ജിഎഫ്എസ് മോഡൽ പ്രകാരം തെക്കൻ കേരളത്തിൽ ഞായറും തിങ്കളും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ മീഡിയം റെയ്ഞ്ച് വെതർ ഫോർകാസ്റ്റിങ് ഞായറാഴ്ച കേരളത്തിൽ അതിശക്തമായ മഴയുണ്ടാകുമെന്നും പ്രവചിച്ചു.

ശക്തമായ 
കാറ്റുണ്ടാകും

തിങ്കളാഴ്ച കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും ശ്രദ്ധിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (നമ്പർ: 1077 ) ബന്ധപ്പെടണം. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്.

അപകട സാധ്യത കണ്ടാൽ 1912, 1077 നമ്പറുകളിൽ അറിയിക്കണം. പത്രം-, പാൽ വിതരണക്കാർ തുടങ്ങി അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.

7 അണക്കെട്ടിൽ റെഡ് അലർട്ട്

തിരുവനന്തപുരം > കെഎസ്ഇബിയുടെ ഏഴ് അണക്കെട്ടിൽ ചുവപ്പ് അലർട്ട്. കക്കി, മാട്ടുപ്പെട്ടി, ആനയിറങ്കൽ, പൊന്മുടി, പൊരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി അണക്കെട്ടുകളിലാണ് അലർട്ട്. ഓറഞ്ച് മുന്നറിയിപ്പുള്ള ഇടുക്കിയിൽ റൂൾ കർവ് അളവിനേക്കാൾ താഴെയാണ് ജലനിരപ്പ്. നീരൊഴുക്ക് കുറവാണ്. റൂൾ കർവ് നിരപ്പിലേക്ക് എത്തിയാലേ തുറക്കൂ. കെഎസ്ഇബിയുടെ 18 അണക്കെട്ടിലായി ആകെ സംഭരണശേഷിയുടെ 91.43 ശതമാനം ജലമുണ്ട്.

മുല്ലപ്പെരിയാർ ജലനിരപ്പ് 139.35 അടി

കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനി രാവിലെ ആറിന് 139.35 അടിയിൽ എത്തി. 24 മണിക്കൂറിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1797 ഘനയടി വെള്ളം എത്തി. തമിഴ്നാട് 556 ഘനയടി വീതം കൊണ്ടുപോയി. തേക്കടിയിൽ 4.4 മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് 3.2 മില്ലീമീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തമിഴ്നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ ജലനിരപ്പ് 69.29 അടിയിലെത്തി. 71 അടിയാണ് സംഭരണശേഷി.

മഴ കനത്താൽമാത്രം 
ഇടുക്കി തുറക്കും

ഇടുക്കി > മഴ ശക്തിപ്പെട്ടാൽ ഇടുക്കി ചെറുതോണി ഷട്ടർ തുറക്കും. നിലവിൽ മഴ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം 19.4 മില്ലീമീറ്റർ മഴ പെയ്തു. സംഭരണിയിലിപ്പോൾ 2398.5 അടി വെള്ളമുണ്ട്. ഓറഞ്ച് അലർട്ടാണ്. റെഡിൽ എത്തണമെങ്കിൽ 2399.03 അടിയായി ഉയരണം. അത്യാവശ്യ സാഹചര്യമുണ്ടായാൽ തുറക്കുമെന്നും പെരിയാർ നിവാസികൾ ജാഗ്രത പുലർത്തണമെന്നും കലക്ടർ നിർദേശം നൽകി.
കഴിഞ്ഞ വർഷത്തേക്കാൾ ജലം ഉയർന്നുനിൽക്കുകയാണിപ്പോൾ.

സജ്ജരായി പൊലീസ്

തിരുവനന്തപുരം > സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതിനാൽ പൊലീസുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദേശിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കണം.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കും. ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും. ബോട്ടും ജാക്കറ്റും ആവശ്യമായത്ര ശേഖരിക്കാൻ തീരദേശ സ്റ്റേഷനുകൾക്കും നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3FeRCow

Comments

Archive

Contact Form

Send