75ലും ജാനകിക്ക് നുകരണം അക്ഷരമധുരം
കൊച്ചി
വായിച്ചും എഴുതിയും കൂട്ടിയും കുറച്ചും പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എഴുപത്തഞ്ചുകാരി ജാനകി. ജില്ലയിൽനിന്ന് സാക്ഷരതാ ‘മികവുത്സവ’ പരീക്ഷയിൽ പങ്കെടുക്കുന്ന പ്രായംകൂടിയവരിൽ ഒരാളാണ് ഏലൂർ വടക്കുംഭാഗം സ്വദേശിനി ജാനകി തെയ്യത്തുംപറമ്പിൽ. ചെറുപ്പത്തിൽത്തന്നെ കൂലിപ്പണിക്കിറങ്ങേണ്ടിവന്ന ജാനകിക്ക് ആഗ്രഹമുണ്ടായിട്ടും സ്കൂളിൽ പോകാനായില്ല. പഠിക്കണമെന്ന ആഗ്രഹത്തിന് പ്രായമേറുന്നതനുസരിച്ച് കനംവച്ചു. ഇതിനിടെ സാക്ഷരതാമിഷൻ പ്രേരക് റിസിയ ബീവി പഠിക്കാൻ ക്ഷണിച്ചത് വഴിത്തിരിവായി.
പ്രായം മറന്ന്, ഉത്സാഹിയായി ജാനകി അക്ഷരങ്ങളോടും അക്കങ്ങളോടും കൂട്ടുകൂടി. ഒപ്പം അയൽവാസികളായ സുലോചനയും ലീലയുമെത്തി. ഏലൂർ വായനശാലയാണ് പഠനകേന്ദ്രം. കോവിഡ് സാഹചര്യത്തിൽ റിസിയ വീടുകളിലെത്തി പഠിപ്പിച്ചു.
ബുധനാഴ്ചയാണ് ജാനകി പരീക്ഷയെഴുതുന്നത്. പരീക്ഷ തുടങ്ങിയ ഞായറാഴ്ച പേരക്കുട്ടിയുടെ വിവാഹനിശ്ചയമായതിനാൽ പരീക്ഷയെഴുത്ത് ബുധനാഴ്ചയിലേക്ക് മാറ്റി.എഴുത്ത്, വായന, കണക്ക് എന്നിവയുൾപ്പെടുത്തി മൂന്നുമണിക്കൂറാണ് പരീക്ഷ. 100ൽ 30 മാർക്ക് വാങ്ങിയാൽ ജയിക്കാം. മികവുത്സവത്തിൽ വിജയിച്ചാൽ നാലാംതരം തുല്യതാക്ലാസിൽ പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജാനകിയും കൂട്ടുകാരും. ഏലൂർ വായനശാലയിൽ ഇവരുൾപ്പെടെ 24 പേരാണ് പരീക്ഷയെഴുതുന്നത്. തിങ്കളാഴ്ച ഭിന്നശേഷിക്കാരനായ ഫൈസൽ പരീക്ഷയെഴുതിയതോടെ ഏലൂരിൽ മികവുത്സവത്തിന് തുടക്കമായി.
കടുങ്ങല്ലൂർ സ്വദേശിനികളായ അഴകി തുരുത്തി, തങ്കമ്മ അഴകൻ എന്നിവരാണ് ജില്ലയിൽനിന്നുള്ള പ്രായംകൂടിയ മറ്റുരണ്ടുപേർ. ജില്ലയിൽ 1634 സ്ത്രീകളും 464 പുരുഷന്മാരും ഉൾപ്പെടെ 2098 പഠിതാക്കളാണ് മികവുത്സവത്തിലുള്ളത്. ഞായറാഴ്ച 396 പേരും തിങ്കളാഴ്ച 274 പേരും പരീക്ഷയെഴുതി. ഇനി 1428 പേരാണ് ഏഴുതാനുള്ളത്. ജില്ലാ ജയിലിലെ 18 അന്തേവാസികളും തിങ്കളാഴ്ച പരീക്ഷയെഴുതി.
Credits Kerala || Deshabhimani Online News https://ift.tt/3BQMbda
Comments