വ്യവസായങ്ങൾക്കുള്ള ആനുകൂല്യം തോട്ടം മേഖലയ്ക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം
വ്യവസായങ്ങൾക്കുള്ള ആനുകൂല്യം തോട്ടം മേഖലയ്ക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാന്റേഷൻ വ്യവസായ വകുപ്പിനോട് കൂട്ടിച്ചേർത്തതിനാലാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. തോട്ടംമേഖലയിലെ തുടർ വികസന സാധ്യത പ്രയോജനപ്പെടുത്താൻ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. സ്പൈസസ് ബോർഡ്, കോഫി ബോർഡ് പ്രതിനിധികളും തോട്ടം ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികളും ഉൾപ്പെടുന്നതാകും കമ്മിറ്റി. പുതിയ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കും. കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി രണ്ട് മേഖല ഡയറക്ടറേറ്റിന് കീഴിലുണ്ടാകും.
ഇടവിള കൃഷി, ഇക്കോ ടൂറിസം എന്നിവ അനുവദിക്കണമെന്ന തോട്ടമുടമകളുടെ ആവശ്യം പരിശോധിക്കും. സംസ്ഥാനത്തെ തോട്ടങ്ങളുടെ മാപ്പിങ് ഉടനെ നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു. തോട്ടം വ്യവസായത്തിലെ അനുമതികൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3mDsOQz
Comments