മുല്ലപ്പെരിയാർ മരംമുറി: കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്
ന്യൂഡൽഹി > മുല്ലപ്പെരിയാർ ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്താനുള്ള നിർമാണപ്രവർത്തനം കേരളം തടസ്സപ്പെടുത്തുന്നെന്ന് തമിഴ്നാട്. ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാനും റോഡ് നന്നാക്കാനുമുള്ള അനുമതി നൽകുന്നതിൽനിന്ന് കേരളം ഒഴിഞ്ഞുമാറുന്നു. മേൽനോട്ട സമിതി ബേബി ഡാം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് പലപ്രാവശ്യം ശുപാർശ ചെയ്തിരുന്നു. ആവർത്തിച്ച് നിർദേശം ലഭിച്ചിട്ടും മരങ്ങൾ മുറിക്കാനോ റോഡ് നന്നാക്കാനോ കേരളം അനുവദിച്ചിട്ടില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. 2014ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, അതിന് തയ്യാറാകുന്നില്ല. മരങ്ങൾ മുറിക്കാൻ ഉത്തരവിറക്കിയെങ്കിലും പിന്നീട് അത് മരവിപ്പിച്ചെന്നാണ് മാധ്യമറിപ്പോർട്ടുകൾ–- തമിഴ്നാട് ആരോപിച്ചു.
അണക്കെട്ട് എത്രകാലവും നിൽക്കുമെന്ന് തമിഴ്നാട്
നല്ല രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയാൽ അണക്കെട്ട് എത്രകാലം വേണമെങ്കിലും നിലനിൽക്കുമെന്ന് തമിഴ്നാട് അവകാശപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നേരത്തേ ഇറക്കിയ വിശദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അണക്കെട്ട് ഡീകമീഷൻ ചെയ്യണമെന്ന ആവശ്യം തള്ളണം. റൂൾ കർവ് സംബന്ധിച്ച തർക്കം മാത്രമാണ് നിലവിൽ കോടതി പരിഗണിക്കുന്നത്. എന്നാൽ, നേരത്തേ തീർപ്പാക്കിയ വിഷയം കേരളം ഉന്നയിക്കുകയാണെന്നും തമിഴ്നാട് പരാതിപ്പെട്ടു.
സത്യവാങ്മൂലം പഠിക്കാൻ കേരളം സാവകാശം തേടിയതോടെ കോടതി കേസ് 22ലേക്ക് മാറ്റി. അതുവരെ ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കും. റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് നിലനിർത്തണമെന്നാണ് ഇടക്കാല ഉത്തരവ്.
Credits Kerala || Deshabhimani Online News https://ift.tt/3n9t4Hc
Comments