ബിജെപിക്ക് മുകുന്ദന്റെ കത്ത് ; അച്ചടക്കത്തിന്റെ ചന്ദ്രഹാസമിളക്കണ്ട
തൃശൂർ
ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത വിമർശവുമായി മുതിർന്ന നേതാവ് പി പി മുകുന്ദൻ വീണ്ടും രംഗത്ത്. അച്ചടക്കത്തിന്റെ ചന്ദ്രഹാസമിളക്കി വിമർശകരെ നിശ്ശബ്ദരാക്കുന്നത് ആരോഗ്യകരമല്ലെന്നും അച്ചടക്കം എന്നാൽ അടിമത്തം അല്ലെന്നും ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് അയച്ച കത്തിൽ പി പി മുകുന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ അഭിമുഖത്തിലും മുകുന്ദൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എതിരെ ശക്തമായ വിമർശം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിലും അതിനു മുമ്പും പിമ്പും പാളിച്ച ഏറെ ഉണ്ടായെന്ന് കത്തിൽ വിമർശിക്കുന്നു. അത് കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകാനും കണ്ണടച്ച് ഇരുട്ടാക്കനും ഉള്ള ശ്രമം ഈ വൈകിയ വേളയിലെങ്കിലും അവസാനിപ്പിക്കണം. തുറന്ന സംവാദവും സമീപനവും അനുകൂലമായ അന്തരീക്ഷവുമൊരുക്കാൻ അപകർഷതയോ ദുരഭിമാനമോ തോന്നേണ്ടതില്ല.
സുദീർഘമായ കത്ത് പൂർണമായും നേതൃത്വത്തിന് എതിരായ ഒളിയമ്പാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കുശേഷം ബിജെപി സംസ്ഥാന ഘടകത്തിലുണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/3jVvpnd
Comments