മിസ്‌ കേരള വേദിയിലെ കൂട്ടുകാർ; 
വിടപറഞ്ഞതും ഒന്നിച്ച്‌


കൊച്ചി
മൂന്നുവർഷംമുമ്പ് മിസ് കേരളയും റണ്ണറപ്പുമായത് ഒരേ വേദിയിൽ. ഒടുവിൽ അന്ത്യയാത്രയും ഒരുമിച്ച്. മുൻ മിസ് കേരള അൻസി കബീറും (24), റണ്ണറപ്പ് ഡോ. അഞ്ജന ഷാജനു (25)മാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. തിങ്കൾ പുലർച്ചെ ഒന്നോടെ ദേശീയപാതയിൽ ചക്കരപ്പറമ്പിനടുത്ത് ഹോളിഡേ ഇൻ ഹോട്ടലിനുസമീപമായിരുന്നു അപകടം.

2019ൽ മിസ് കേരളയായിരുന്ന അൻസി കബീറും അതേ മത്സരവേദിയിൽ രണ്ടാംസ്ഥാനക്കാരിയായ അഞ്ജനയും അന്നുമുതലേ സുഹൃത്തുക്കളാണ്. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ബൈപാസ് റോഡിലൂടെ വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം.
മുന്നിലെ ബൈക്കിന്റെ സൈലൻസറിൽ ഇടിച്ചശേഷം കാർ ഇടത്തേക്ക് പാളി റോഡരികിലെ മരത്തിൽ ഇടിച്ചുമറിഞ്ഞ് സർവീസ് റോഡിലെ കാനയിലേക്ക് കൂപ്പുകുത്തി. കാർ പാടേ തകർന്നു. കൊച്ചി ടാറ്റ മോട്ടോഴ്സ് ജീവനക്കാരൻ ഡെനിൽ ഡേവിസിന്റെ ബൈക്കിന്റെ സൈലൻസറിലാണ് കാർ ഇടിച്ചത്. ഡെനിൽ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അൻസിയും അഞ്ജനയും കാറിന്റെ ഇടതുവശത്തായി മുന്നിലും പിന്നിലുമാണ് ഇരുന്നത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിനുള്ളിൽ ഞെരിഞ്ഞമർന്നു. പിന്നിലെ യുവതി പുറത്തേക്ക് തെറിച്ച് തലയിടിച്ചുവീണു. അബ്ദുൾ റഹ്മാനാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർസീറ്റിൽ എയർബാഗ് ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് കാര്യമായ പരിക്കില്ല. പിന്നിൽ വലതുവശത്തിരുന്ന ആഷിഖ് മുന്നിലേക്ക് തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഉള്ളിൽ കുടുങ്ങിയവരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. പൊലീസും ആംബുലൻസും എത്തിയാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. അൻസിയുടെയും അഞ്ജനയുടെയും മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ടെക്നോപാർക്കിൽ ഇൻഫോസിസിലെ ജീവനക്കാരിയാണ് അൻസി. ബാപ്പ അബ്ദുൾ കബീർ ഖത്തറിലാണ്. ഉമ്മ: റസീന. അഞ്ജനയുടെ അമ്മ: ലതിക. സഹോദരൻ: അർജുൻ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bu1gXk

Comments

Archive

Contact Form

Send