ജന്മനാട്ടിലേക്ക് യാത്രയ്ക്കൊരുങ്ങി കാരായി രാജനും ചന്ദ്രശേഖരനും
കൊച്ചി
ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെ ജന്മനാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. എട്ടുവർഷമായി തൃപ്പൂണിത്തുറയിലെ മുതിർന്ന സിപിഐ എം നേതാവ് കെ ടി തങ്കപ്പന്റെ ഇരുമ്പനത്തെ വീട്ടിലാണ് ഇവരുടെ താമസം. കള്ളക്കേസിന്റെ പേരിലുള്ള മാധ്യമവേട്ടയ്ക്കിടയിലും സ്വന്തം നാട്ടിലെന്നപോലെ സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇരുവരും ഇരുമ്പനത്തും പരിസരപ്രദേശങ്ങളിലും സജീവമായി. നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി. ചികിത്സാ ആവശ്യങ്ങൾക്ക് എത്തുന്ന കണ്ണൂരുകാരുടെ അഭയകേന്ദ്രമായി.
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ജാമ്യവ്യവസ്ഥയിലാണ് ഇരുമ്പനത്ത് കഴിയുന്നത്.
അർധതടവുകാരായ രണ്ട് സഖാക്കളെ മറ്റൊരു സഖാവ് കുടുംബത്തെയെന്നപോലെ എട്ടുവർഷം സംരക്ഷിച്ചത് കേസിന്റെ സ്വഭാവംപോലെതന്നെ വേറിട്ടതാണെന്ന് കാരായി രാജൻ പറഞ്ഞു. എട്ടുവർഷം ഒരു വീട്ടിൽ സൗഹൃദത്തോടെ കഴിയാനായതിനുപിന്നിൽ ആ കുടുംബത്തിലുള്ള സ്ത്രീകളുടെ നല്ല മനസ്സാണെന്ന് കാരായി ചന്ദ്രശേഖരൻ പറഞ്ഞു. ജന്മനാട്ടിലേക്ക് മടങ്ങിയാലും ഇരുവർക്കും തന്റെ കുടുംബത്തിൽ ഇടമുണ്ടാകുമെന്ന് കെ ടി തങ്കപ്പനും പറഞ്ഞു.
തങ്കപ്പനൊപ്പമാണ് രാജന്റെ താമസം. രാജന് സഹായിയായി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഖിൽ ദാസും ഒപ്പം താമസിക്കുന്നുണ്ട്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള പരിപാടികളിലാണ് രാജൻ പങ്കെടുക്കുന്നത്. തങ്കപ്പന്റെ സഹോദരിയുടെ മകൻ സനലാണ് കാരായി രാജന്റെ ഡ്രൈവർ.
തങ്കപ്പന്റെ മൂത്തമകൻ സുർജിത്തിന്റെ വീട്ടിലാണ് കാരായി ചന്ദ്രശേഖരന്റെ താമസം. എരൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്. സുർജിത്തിന്റെ എട്ടുവയസ്സുള്ള മകൻ കുഞ്ഞാപ്പുവിനോടാണ് ചന്ദ്രശേഖരന് കൂടുതൽ പ്രിയം.
Credits Kerala || Deshabhimani Online News https://ift.tt/3k0s5qF
Comments