ശബരിമല ഉത്സവനടത്തിപ്പിന് ആദ്യ പരിഗണന: കെ അനന്തഗോപന്‍
പത്തനംതിട്ട > ശബരിമല ഉത്സവനടത്തിപ്പ് ചിട്ടയായി നടത്തുന്നതിനാണ് ആദ്യ പരിഗണനയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് നിയുക്ത പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കുന്നു. ദേവസ്വത്തിന്റെ സാമ്പത്തികനിലയും മെച്ചപ്പെടുമെന്ന് കരുതുന്നു. പരമാവധി സൗകര്യങ്ങൾ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കും.
നിയമനം സംബന്ധിച്ച ഉത്തരവ് ഇറങ്ങിയാൽ തിങ്കൾ രാവിലെ തിരുവനന്തപുരത്തെത്തി ചുമതലയേൽക്കും. തുടർന്ന് ശബരിമലയിലെത്തും. ഉത്തരവ് ലഭിച്ചാലുടൻ നിലവിൽ ചുമതല വഹിക്കുന്ന ബോർഡ് ചെയർമാൻ സ്ഥാനങ്ങളിൽനിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയായ കെ അനന്തഗോപൻ അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ദിനത്തിലാണ് പുതിയ സ്ഥാനലബ്ധി. കെഎസ്വൈഎഫിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് വന്നത്. പത്തനംതിട്ടയും ആലപ്പുഴയും ചേർന്ന് ഒന്നായ ജില്ലയിൽ കെഎഎസ്വൈഎഫ് വൈസ് പ്രസിഡന്റായിരുന്നു. 14 വർഷം സിപിഐ എം തിരുവല്ല താലൂക്ക് സെക്രട്ടറിയായി. 2001 മുതൽ 2013 വരെ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. 2000 മുതൽ 2005 വരെ ജില്ലാ പഞ്ചായത്തംഗം, 1997 മുതൽ 2001 വരെ ജില്ലാ സഹ. ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 2002 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമാണ്.
നിലവിൽ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്സ് വെൽഫെയർ ബോർഡ്, ഐടി ആൻഡ് ഐടി അനുബന്ധ സംരംഭക തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമാണ്. റിട്ട. ട്രഷറി ഉദ്യോഗസ്ഥ വി ബി രാജമ്മയാണ് ഭാര്യ. മക്കൾ: അഡ്വ. അഭിലാഷ് ഗോപൻ, ഡോ. അഭിനേഷ് ഗോപൻ.
ദേവസ്വം ബോര്‍ഡ് അംഗമായ മനോജ് ചരളേല്‍ സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും എഐടിയുസി ജില്ലാ ഭാരവാഹിയുമാണ്. സിപിഐ ജില്ലാ അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റാണ്. ഭാര്യ: ശ്രീല(അധ്യാപിക).
Credits Kerala || Deshabhimani Online News https://ift.tt/3qzGqyp
Comments