തോരാതെ മഴ; ജാഗ്രത; റെഡ് അലർട്ടിനുസമാന മുന്നൊരുക്കം
തിരുവനന്തപുരം > മഴയും കാറ്റും മണ്ണിടിച്ചിലും കനത്തതോടെ സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം. തിരുവനന്തപുരം ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച കനത്ത മഴ നാശം വിതച്ചത്. സംസ്ഥാനമാകെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടിന് സമാന മുന്നൊരുക്കം ആരംഭിച്ചു.
തിരുവനന്തപുരം –- നാഗർകോവിൽ റൂട്ടിൽ പാറശാലയിൽ പാളത്തിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽ പാളങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. നാഗർകോവിൽ–-- കോട്ടയം പാസഞ്ചറും ഞായറാഴ്ച പുറപ്പെടേണ്ട ചെന്നൈ- എഗ്മോർ–- ഗുരുവായൂർ എക്സ്പ്രസും റദ്ദാക്കി. ഐലൻഡ് എക്സ്പ്രസും അനന്തപുരിയും അടക്കം 10 ട്രെയിൻ ഭാഗികമായി റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി നാഗർകോവിലിൽനിന്ന് പുറപ്പെടും. ജില്ലകളിൽ കൺ*ട്രോൾ റൂമുകൾ തുറന്നു. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ട് തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ മഴയും വെള്ളത്തിന്റെ വരവും കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി. വിളവെടുത്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. നെൽകൃഷി വിളവെടുപ്പും മുടങ്ങി. കുട്ടനാട്ടിലെ ഉൾനാടൻ റോഡുകൾ എല്ലാം വെള്ളത്തിലാണ്. വീടുകളിലും വെള്ളം കയറി.
കൊല്ലം ജില്ലയുടെ കിഴക്കൻമേഖല ഒറ്റപ്പെട്ടു. കല്ലട, കഴുതുരുട്ടി, ചേനഗിരി ആറുകൾ കരകവിഞ്ഞു. കൊല്ലം–-തിരുമംഗലം ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകൾ നിലച്ചു. ആര്യങ്കാവ് റെയിൽപ്പാതയ്ക്ക് സമീപം മണ്ണിടിഞ്ഞു. പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം > തെക്കൻ, മധ്യ കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതാമേഖലകളിൽ ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കും. മലയോരമേഖലയിലും നദിക്കരകളിലും വിനോദസഞ്ചാരമേഖലകളിലും അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനം വെള്ളത്തിൽ
തിരുവനന്തപുരം > വെള്ളിയാഴ്ച രാത്രിമുതൽ ആരംഭിച്ച അതിതീവ്രമഴയിൽ തലസ്ഥാന ജില്ലയിൽ വ്യാപകനാശമുണ്ടായി. 571 പേരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഗ്രാമീണമേഖലകളിലും ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് ഹെക്ടർ കൃഷി നശിച്ചു. മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. ദേശീയപാത നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പൂന്തുറ, വേളി പൊഴികൾ മുറിച്ചു. അരുവിക്കര, നെയ്യാർ, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. ആനാവൂർ, വെള്ളാർ, തിരുവല്ലം, അടിമലത്തുറ, വിഴിഞ്ഞം, വാമനപുരം, നെടുമങ്ങാട് പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വീടുകളും തകർന്നു. വിഴിഞ്ഞം മാർക്കറ്റ് മുങ്ങി നാൽപ്പതിലേറെ കടകളിലെ സാമഗ്രികൾ മുഴുവൻ നശിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
7 ജില്ലയിൽ ഓറഞ്ച്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 156.6 മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാം. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും ഓറഞ്ച് അലർട്ടാണ്.
തീവ്ര ന്യൂനമർദമാകും
ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്ലൻഡ് തീരത്തോട് ചേർന്ന് ശനിയാഴ്ച രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയോടെ തീവ്രമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ചയോടെ ആന്ധ്രാ തീരത്ത് പ്രവേശിക്കും. വടക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതുമൂലം പടിഞ്ഞാറൻ കാറ്റും ശക്തി പ്രാപിച്ചു. തെക്കൻ കേരളത്തിൽ ഞായർ, തിങ്കൾ അതിതീവ്ര മഴയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ചയ്ക്കകം തിരിച്ചെത്തണം.
Credits Kerala || Deshabhimani Online News https://ift.tt/3qB0G2U
Comments