ഇറാഖ് പ്രധാനമന്ത്രിയുടെ വസതിക്കുനേരെ ഡ്രോണ്‍ ആക്രമണം


ബാഗ്ദാദ്
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല് ഖാദിമിക്ക് നേരെ വധശ്രമം. ഞായർ പുലർച്ചെയാണ് ഔദ്യോഗിക വസതിയിലേക്ക് സ്ഫോടക വസ്തുക്കള് നിറച്ച ഡ്രോണ് ഇടിച്ചിറക്കി ആക്രമണം നടത്തിയത്. പ്രധാനമന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പൊട്ടിത്തെറിയിൽ മുസ്തഫ അല് ഖാദിമിയുടെ ഏഴ് അംഗരക്ഷകർക്ക് അടക്കം നിരവധി പേര്ക്ക് പരിക്കേറ്റു. എംബസികളും സര്ക്കാര് സ്ഥാപനങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയില് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുടര്ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു. പിന്നീട് അദ്ദേഹം ഇറാഖി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇറാന്റെ പിന്തുണയുള്ള ഏതെങ്കിലും സംഘടനകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് ഇറാഖി വൃത്തങ്ങള് ആരോപിക്കുന്നത്. ഒക്ടോബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി രാജ്യത്ത് പിരിമുറുക്കങ്ങള് ശക്തമായിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/30b8369

Comments

Archive

Contact Form

Send