വിയറ്റ്നാമുമായി വ്യവസായ–-വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം
വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ - വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം–-കേരളം സഹകരണം സംബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക രംഗത്തും മത്സ്യബന്ധന, സംസ്കരണ രംഗത്തും വിയറ്റ്നാമുമായി ഏറെ സാമ്യത പുലർത്തുന്ന സംസ്ഥാനമാണു കേരളം. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വിയറ്റ്നാമിന് മികച്ച പിന്തുണ നൽകാൻ കേരളത്തിനും കഴിയും. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലും ഓൺലൈൻ പഠന രംഗത്തും സഹായം നൽകാനുമാകും. ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കേരളത്തിലേക്ക് വിയറ്റ്നാമിൽനിന്നുള്ളവരെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

വാണിജ്യ- വ്യവസായ രംഗങ്ങളിൽ കേരളവുമായി വിപുലമായ സഹകരണം സാധ്യമാണെന്ന് വിയറ്റ്നാം അംബാസിഡർ ഫാം സാങ് ചൂ പറഞ്ഞു. കൃഷി, മത്സ്യ–- വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ സംബന്ധിച്ച വിപുലമായ ചർച്ച ശിൽപ്പശാലയിൽ നടന്നു. മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഫോറിൻ അഫയേഴ്സ്) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, വിയറ്റ്നാം സംഘാംഗങ്ങളായ ഗുയെൻ തി നഗോക് ഡൂങ്, ഗുയെൻ തി താൻസുവാൻ, ബുയി ട്രങ് തുവാങ്, സോൻ ഹോവാങ് മെഡൂങ്, സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wpJFta

Comments

Archive

Contact Form

Send