മുറ്റത്ത് മുട്ടവിപ്ലവമൊരുക്കാൻ ‘ത്രിവേണി’
തൃശൂർ > നാടൻ ഇനങ്ങളുടെ പ്രതിരോധശേഷിക്കും വർണത്തിനും ഒപ്പം ഉയർന്ന ഉൽപ്പാദനക്ഷമതയുമുള്ള മൂന്നിനം കോഴികളെ സംയോജിപ്പിച്ച് പുറത്തിറങ്ങുന്നു ത്രിവേണി. സംസ്ഥാനത്ത് മുട്ടവിപ്ലവമൊരുക്കി സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ത്രിവേണി കോഴിയിനം പുറത്തിറക്കുന്നത്. വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള എഐസിആർപി കോഴിപ്രജനന കേന്ദ്രം വികസിപ്പിച്ചെടുത്ത ഈ സങ്കരയിനം വീട്ടുമുറ്റങ്ങളിൽ വളർത്താവുന്ന കോഴിയാണ്.
എഐസിആർപി കേന്ദ്രത്തിൽ 40 വർഷമായി ജനിതക തെരഞ്ഞെടുപ്പ് നടത്തി ഉയർന്ന ഉൽപ്പാദനം കൈവരിച്ച വൈറ്റ്ലഗോൺ, കേരളത്തിന്റെ അംഗീകൃത ജനുസ്സായ തലശ്ശേരി, വിദേശ ജനുസ്സായ റോഡ് ഐലൻഡ് റെഡ് എന്നീ മൂന്ന് വ്യത്യസ്ത കോഴി ജനുസ്സുകളെ ഉപയോഗിച്ചാണ് ത്രിവേണി വികസിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ നിർദേശാനുസരണം 2014 ലാണ് ത്രിവേണിയുടെ ഗവേഷണ പഠനങ്ങൾ ആരംഭിച്ചത്.
മുട്ടയുൽപ്പാദനത്തിലും മുട്ടയുടെ തൂക്കത്തിലും ഈ ഇനം മികവുറ്റതാണ്. ഇതോടൊപ്പം നാടൻ ജനുസ്സുകളുടെ പ്രാദേശിക രോഗ പ്രതിരോധശേഷിയും കാലാവസ്ഥ അനുകൂല ശേഷിയും നിലനിർത്താൻ കഴിയുമെന്നതാണ് ത്രിവേണിയുടെ പ്രത്യേകത. കറുപ്പ്, ചുവപ്പ, തവിട്ട്, വെള്ള നിറങ്ങളുടെ മിശ്രണങ്ങളിലുള്ള വർണഭംഗിയും പ്രധാന ആകർഷണീയതയാണ്. ഒന്നര കിലോയാണ് കോഴിയുടെ തുക്കം. മുട്ടയ്ക്ക് തവിട്ട്, ഇളം തവിട്ട് നിറമാണ്. വർഷത്തിൽ 205 മുട്ട ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്. വീട്ടുവളപ്പിൽ വളർത്തുമ്പോൾ 180 മുട്ടവരെ ഉൽപ്പാദിപ്പിക്കാം. വർഷംതോറും ഇത് വർധിക്കും. 52 ഗ്രാമാണ് തൂക്കം. അഞ്ചാം മാസത്തിൽ മുട്ടയിടാനാരംഭിക്കും.
ഡോ. പി അനിത, ഡോ. ബിനോജ് ചാക്കോ, ഡോ. ബീന സി ജോസഫ്, ഡോ. എസ് ശങ്കരലിംഗം, ഡോ. സി എസ് സുജ, ഡോ. എസ് ഹരികൃഷ്ണൻ എന്നീ ശാസ്ത്രജ്ഞരാണ് ത്രിവേണി കോഴികളെ വികസിപ്പിച്ചെടുത്ത ഗവേഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയത്.
മുട്ടയുൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തതനേടാനുള്ള ലക്ഷ്യത്തിന് സഹായകമായാണ് ഈ കോഴിയിനത്തെ വികസിപ്പിച്ചത്. ത്രിവേണി കോഴിയിന സമർപ്പണം തിങ്കളാഴ്ച പകൽ രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3E8J69q
Comments