കുഫോസിൽ പറ്റും; കാലടിയിൽ നടക്കില്ല ; ഗവർണറുടെ കരണംമറിച്ചിൽ



തിരുവനന്തപുരം
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലറെ നിയമിച്ച നടപടി ശരിയെന്ന് ഹൈക്കോടതിയിൽ സമ്മതിച്ച ഗവർണർ അതേ നടപടിപ്രകാരം സംസ്കൃത സർവകലാശാലയിൽ വിസിയെ നിയമിക്കുന്നത് എതിർത്തത് സംശയാസ്പദം. യുജിസി മാനദണ്ഡപ്രകാരം ഗവർണർ അംഗീകരിച്ച സെർച്ച് കമ്മിറ്റി വിവിധ പേരുകൾ പരിഗണിച്ചശേഷം ഒരാളുടെ പേര് ഏകകണ്ഠമായി നൽകുകയാണ് കുഫോസിൽ ചെയ്തത്. കെ റിജിജോണിന്റെ പേര് ചാൻസലർകൂടിയായ ഗവർണർ അംഗീകരിച്ചു. മാത്രമല്ല, ഈ നിയമനം ചോദ്യംചെയ്ത് ചാൻസലർ മുഖ്യ എതിർകക്ഷിയായി ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ ഗവർണർ നൽകിയ പ്രസ്താവനയിലും നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കി. ‘സെർച്ച് കമ്മിറ്റി നിർദേശിച്ചയാളെയാണ് വിസിയായി ചാൻസലറായ താൻ നിയമിച്ചത്’എന്നാണ് നവംബർ 18ന് സ്റ്റാൻഡിങ് കോൺസൽ എം വി വിജയലക്ഷ്മി ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവന.

യുജിസി, സർക്കാർ, സിൻഡിക്കറ്റ് പ്രതിനിധികൾ ഉൾപ്പെട്ട സെർച്ച് ആൻഡ് സെലക്ട് കമ്മിറ്റിക്ക് ഏകകണ്ഠമായി ഒരു പേര് നിർദേശിക്കാം. കമ്മിറ്റിയംഗങ്ങൾക്ക് വ്യത്യസ്ത പേരാണ് നിർദേശിക്കാനുള്ളതെങ്കിൽ മൂന്നു പേരുടെ പാനൽ നൽകാം. ഇതിൽനിന്ന് ചാൻസലർക്ക് ഒരാളെ നിയമിക്കാം. 60 ദിവസത്തിനുള്ളിൽ പേര് നിർദേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ സെർച്ച് കമ്മിറ്റി അപ്രസക്തമാകും. ഈ സാഹചര്യത്തിൽ സർക്കാർ ഉപദേശം സ്വീകരിച്ച് ഒരാളെ വിസിയായി ചാൻസലർക്ക് നിയമിക്കാമെന്നും യുജിസി മാനദണ്ഡത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതൊന്നും മാനിക്കാതെ ചില താൽപ്പര്യങ്ങളുടെ പേരിൽ ഗവർണർ ഇടപെട്ടെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമായത്. സംസ്കൃത സർവകലാശാലയിൽ വിസിയാക്കാൻ ഗവർണർ ആരെയോ കണ്ടിരുന്നെന്നും അത് നടക്കാതിരുന്നപ്പോഴാണ് കത്തുമായി രംഗത്തെത്തിയതെന്നും ചർച്ചയുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3m8Lo25

Comments

Archive

Contact Form

Send