മോദിയുടെ ശ്രമം വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാൻ: തപൻസെൻ
കോട്ടയം> വൈദ്യുതി മേഖലയിലും സ്വകാര്യവൽക്കരണം ശക്തിപ്പെടുത്തി ജനങ്ങളെ കൂടുതൽ കൊള്ളയടിക്കാനാണ് മോദി സർക്കാരിന്റെ പദ്ധതിയെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതിമേഖലയിലെ വിവിധപ്രശ്നങ്ങൾ ഉയർത്തി മറ്റ് സംഘടനകളുമായി യോജിച്ച് അഖിലേന്ത്യാ ഫെഡറേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ ദ്വിദിന പണിമുടക്ക് നടത്തുമെന്നും തപൻസെൻ അറിയിച്ചു.
വൈദ്യുതി ഉൽപ്പാദനരംഗത്തെ കുത്തകകളെ സഹായിക്കാനാണ് കൽക്കരി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചത്. സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വില യഥേഷ്ടം കൂട്ടാൻ ഇത് അവസരമൊരുക്കി. ലാഭം കിട്ടിയില്ലെങ്കിൽ വൈദ്യുതി ഉൽപാദിപ്പിക്കില്ലെന്ന കുറ്റകരമായ നിലപാടാണ് സ്വകാര്യകമ്പനികൾ സ്വീകരിച്ചത്.
വൈദ്യുതി വിതരണരംഗത്തും സ്വകാര്യകമ്പനികളെ കൊണ്ടുവരികയാണ്. വൈദ്യുതി വില വർധന ഉൽപാദന മേഖലയെയും പ്രതികൂലമായി ബാധിക്കും. സർക്കാരിന്റെ കള്ളക്കളി തുറന്നുകാട്ടാൻ രാജ്യത്തെ കുത്തകമാധ്യമങ്ങളും തയ്യാറായില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് സിഐടിയു മാത്രമാണ്. അദാനിക്കും അംബാനിക്കും മാത്രം ലാഭമുണ്ടാക്കാൻ നടത്തുന്ന ഇത്തരം ഹീന നടപടികൾ തുറന്നുകാണിക്കാൻ ഈ മേഖലയിലെ സംഘടനകൾ തയ്യാറാകണം.
ദുർബല ജനവിഭാഗങ്ങൾക്കും കൃഷിക്കാർക്കും വിലകുറച്ച് വൈദ്യുതി കൊടുക്കുന്ന ക്രോസ് സബ്സിഡി പുതിയ വൈദ്യുതി നിയമഭേദഗതിയിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അത് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ജനങ്ങളുടെ അവകാശമായ വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാകും.
രാജ്യത്ത് തൊഴിലാളി വർഗത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ തൊഴിലാളി വർഗത്തെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്.
പ്രളയത്തിലും കോവിഡ് മഹാമാരിയിലും ബദൽ മാർഗത്തിലൂടെ കേരളത്തെ സംരക്ഷിച്ചത് രാജ്യത്തിന് മാതൃകയാണ്. തൊഴിലാളി വർഗ കാഴ്ചപ്പാടോടെ ബദൽ നയങ്ങളുമായി വികസന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കേരളത്തിലെ എൽഡിഎഎഫ് സർക്കാരിനെ സംരക്ഷിക്കേണ്ട കർത്തവ്യവും തൊഴിലാളി സംഘടനകൾ ഏറ്റെടുക്കണമെന്ന് തപൻസെൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3onZRJl
Comments