ആരോഗ്യസൂചിക : യുപിക്ക് അനർഹ പരാമർശം
ന്യൂഡൽഹി
നിതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ ഉത്തർപ്രദേശിനെ അനർഹമായി ഉയർത്തിക്കാട്ടാൻ ശ്രമിച്ചതായി ആക്ഷേപം. മൊത്തം പ്രകടനത്തിൽ 100ൽ 30.57 പോയിന്റോടെ ഏറ്റവും പിന്നിലാണ് ഉത്തർപ്രദേശ്. എന്നാൽ 2018–-19നെ അപേക്ഷിച്ച് 2019–-20ൽ 5.52 പോയിന്റ് ഉയർന്നെന്നപേരിൽ ഉത്തർപ്രദേശിനെ ഏറ്റവും വളർച്ച നേടിയ സംസ്ഥാനങ്ങളുടെ പട്ടികയുണ്ടാക്കി മുന്നിലാക്കി.
അടിസ്ഥാനവർഷത്തെ പ്രകടനം മോശമാകുമ്പോൾ ഉയർന്ന വളർച്ച സ്വാഭാവികമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ടി സുന്ദരരാമൻ പറഞ്ഞു. ശിശു, മാതൃ ആരോഗ്യസൂചികകളിൽ ഇതിനകം വൻനേട്ടം കൈവരിച്ച കേരളത്തിന് വളർച്ചനിരക്ക് മെച്ചപ്പെടുത്താൻ അധികം സാധ്യതകളില്ലെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ സെക്രട്ടറി കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. കേരളത്തിന് 2018–-19ൽ 81.6 പോയിന്റും 2019–-20ൽ 82.2 പോയിന്റുമാണ് ലഭിച്ചത്. അതേസമയം, ഉത്തർപ്രദേശ് ഒരുപാട് മുന്നോട്ടുപോകാനുണ്ട്.
സംസ്ഥാനങ്ങളെ തരംതിരിച്ചതും ഉത്തർപ്രദേശിനെ സഹായിക്കാനാണെന്ന് പരാതിയുണ്ട്. മിസോറം 18.45 പോയിന്റ് വാർഷികവളർച്ച നേടി. എന്നാൽ, മിസോറമിനെ ചെറുസംസ്ഥാനങ്ങളുടെ പട്ടികയിലാക്കി. മുഴുവൻ സംസ്ഥാനങ്ങളെ പരിഗണിച്ചാലും കേരളത്തിനാണ് ഏറ്റവും കൂടുതൽ പോയിന്റ്. പ്രളയക്കെടുതികളും കേന്ദ്രത്തിന്റെ വിവേചനസമീപനവും അതിജീവിച്ചാണ് കേരളത്തിന്റെ നേട്ടം.
Credits National || Deshabhimani Online News https://ift.tt/3HyTKZt
Comments