ഇനിയും മടങ്ങിവരാത്ത തന്‍ പ്രിയനെ തിരഞ്ഞ്...
തിരുവല്ല> പിറന്നാൾ മധുരം വിളമ്പേണ്ടിയിരുന്നിടത്ത് രോദനം നിലയ്ക്കുന്നില്ല. ചാത്തങ്കേരി പുത്തൻപറമ്പ് വിതുമ്പുകയാണ് . ആർഎസ്എസ് ക്രിമിനൽ സംഘം വ്യാഴാഴ്ച വൈകിട്ട് കുത്തിക്കൊലപ്പെടുത്തിയ സിപിഐ എം നേതാവ് സന്ദീപിന്റെ വീട് ശോകസാന്ദ്രമാണ്.
മൂന്നര വയസ്സും ഒന്നര മാസവും പ്രായമുള്ള പറക്കമുറ്റാത്ത കുരുന്നുകളെ മാറോടണച്ച് വിതുമ്പുന്ന സുനിതയെ ആശ്വസിപ്പിക്കാൻ ആർക്കുമാവുന്നില്ല. വെള്ളിയാഴ്ചയായിരുന്നു സന്ദീപിന്റെ 37–ാം പിറന്നാള്. നാട്ടിലാകെ ഓടിനടന്ന് എല്ലാവർക്കും പ്രിയപ്പെട്ടവനായ സന്ദീപ് ഇനി ഇല്ലെന്ന് വിശ്വസിക്കാൻ അവർക്കാവുന്നില്ല. മുറിയുടെ ജനൽ പാളികൾ തുറന്ന് ചിതയിലേക്ക് നോക്കി ഒരേ ഇരുപ്പാണ്. ഇനിയും മടങ്ങിവരാത്ത തന്റെ പ്രിയനെ തിരഞ്ഞ്...
നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബിജെപി–- ആർഎസ്എസ് നരാധമൻമാർ കൊലക്കത്തിക്കിരയാക്കിയത്. ഐടിഐ പാസായ സന്ദീപ് ലോക്കൽ സെക്രട്ടറിയുടെ ചമതല ഏൽക്കുന്നതിനു മുമ്പും ശേഷവും ഇലക്ട്രീഷ്യനായി ജോലി നോക്കാറുണ്ടായിരുന്നു. പ്രധാനമായും സന്ദീപിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
അച്ഛൻ ബാലൻ കർഷകത്തൊഴിലാളിയായിരുന്നു. അമ്മ ഓമന തൊഴിലുറപ്പ് തൊഴിലാളിയും സഹോദരൻ സജേഷ് ഓട്ടോ ഡ്രൈവറുമാണ്. ഇദ്ദേഹം കുടുംബവുമായി വേറെ വീട്ടിലാണ് താമസം.
വിദൂരസ്ഥലങ്ങളിൽനിന്നും ശനിയാഴ്ചയും നിരവധി പേരാണ് ചാത്തങ്കേരിയിലെ വീട്ടിലെത്തിയത്. പോർ നിലങ്ങളിൽ ചങ്കുറപ്പോടെ മുന്നേ നയിച്ചവനെ ഇരുളിന്റെ മറവിൽ കുത്തി വീഴ്ത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. പിറന്നാൾ ദിനമായ ശനിയാഴ്ച ചങ്ങനാശേരി തൃക്കൊടിത്താനത്തുള്ള വീട്ടിൽ കഴിഞ്ഞിരുന്ന ഭാര്യയേയും കുഞ്ഞുങ്ങളെയും കാണാൻ പോകാനിരുന്നപ്പോഴാണ് ആർഎസ്എസുകാർ കൊലക്കത്തിയുമായെത്തി പ്രാണനെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/3onmqh6
Comments