വെള്ളിയാഴ്‌ച അവധി റദ്ദാക്കരുത് ; ലക്ഷദ്വീപ് ജില്ലാപഞ്ചായത്ത് കത്ത് നൽകി
കൊച്ചി
ലക്ഷദ്വീപിലെ സ്കൂളുകളിൽ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് കത്ത് നൽകി. മഹാഭൂരിപക്ഷം മുസ്ലിം ജനവിഭാഗത്തിന്റെ ജീവിതത്തെയും വിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് ലക്ഷദ്വീപ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അബ്ബാസ് അഡ്മിനിസ്ട്രേഷന് നൽകിയ കത്തിൽ പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് സ്കൂളുകളുടെ അവധി റദ്ദാക്കിയത്. പ്രവൃത്തിദിവസം ആറാക്കിയതോടൊപ്പം സ്കൂളുകളുടെ പ്രവർത്തനസമയവും മാറ്റി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുമായോ ജനപ്രതിനിധികളുമായോ ആലോചിച്ചിട്ടില്ല. അതിനാൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട കമ്മിറ്റികളുടെയും യോഗം അടിയന്തരമായി വിളിച്ച് ആശങ്ക പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രഫുൽ കോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായശേഷം വിദ്യാഭ്യാസമേഖലയിൽ ഏകപക്ഷീയ നടപടികളാണെടുക്കുന്നത്. നിരവധി സ്കൂളുകൾ അടച്ചുപൂട്ടി. വകുപ്പിന്റെ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടി. ഉന്നതവിദ്യാഭ്യാസ രംഗത്ത് കലിക്കറ്റ് സർവകലാശാലയുമായുള്ള ബന്ധം വിച്ഛേദിച്ചു. സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മാംസാഹാരം വിലക്കിയതും വിവാദമായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3GUjfUC
Comments