പേമെന്റ് ബാങ്കുകൾക്കായി ഖജനാവ് തുറന്നിട്ട് കേന്ദ്രം
ന്യൂഡൽഹി > പേടിഎം, ജിയോ തുടങ്ങിയ പേമെന്റ് ബാങ്കുകൾക്കും ചെറുകിട ഫിനാൻസ് ബാങ്കുകൾക്കും സർക്കാർ ഇടപാടുകളുടെ ഏജന്റുമാരായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി. കോർപറേറ്റ് നിയന്ത്രണത്തിലുള്ള പുതുതലമുറ സ്വകാര്യബാങ്കുകൾക്ക് ലക്ഷക്കണക്കിനുകോടി രൂപയുടെ പൊതുപണം വൻതോതിൽ കൈകാര്യംചെയ്യാൻ അവസരമൊരുക്കുന്ന നടപടിയാണിത്. ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യബാങ്കുകൾക്ക് സർക്കാർ ഇടപാടുകളുടെ ഏജന്റുമാരാകാൻ ഏപ്രിലിൽ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. സഹകരണമേഖലയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്തുംവിധം റിസർവ് ബാങ്ക് ഉത്തരവിറങ്ങുന്നതിനിടെയാണ് കോർപറേറ്റ് പ്രീണനം തുടരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ വൻപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രണ്ടാം യുപിഎ സർക്കാർ തുടക്കമിട്ട പരിഷ്കാരങ്ങളുടെ തുടർച്ചയായി 2015ൽ 11 പേമെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. നോട്ടുനിരോധനത്തിനുശേഷമാണ് പേടിഎം, ജിയോ തുടങ്ങിയ പേമെന്റ് ബാങ്കുകൾ രംഗത്തുവന്നത്. നിലവിൽ ആറ് പേമെന്റ് ബാങ്കാണ് സജീവം. 100 കോടി രൂപയാണ് ഇത്തരം ബാങ്കുകൾക്ക് ആവശ്യമായ കുറഞ്ഞ മൂലധനം.
താരതമ്യേന കുറഞ്ഞ മൂലധന അടിത്തറ ആവശ്യമായ ചെറുകിടഫിനാൻസ് ബാങ്കുകൾ നടത്താൻ പേമെന്റ് ബാങ്കുകൾക്കും 2019ൽ അനുമതി നൽകി. സാങ്കേതിക മികവിന്റെ പേരിലാണ് ഇത്തരം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇവയ്ക്കും പൂർണ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്താൻ പടിപടിയായി അനുമതി നൽകലാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സാങ്കേതിക മികവിന്റെയും ഓൺലൈൻ പ്രവർത്തനങ്ങളുടെയും കാര്യത്തിൽ പൊതുമേഖലാ ബാങ്കുകളും പിന്നിലല്ല. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം പരിമിതപ്പെടുത്താൻ കേന്ദ്രം ഒത്താശ ചെയ്യുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ പരിഷ്കാരങ്ങൾ.
കാർഷികമേഖലയിൽ വായ്പകൾ നൽകാൻ എസ്ബിഐ ഈയിടെ അദാനി ക്യാപ്പിറ്റലുമായി കരാർ ഒപ്പിട്ടു. ഗ്രാമീണ മേഖലയിൽ എസ്ബിഐ സാന്നിധ്യം ശക്തിപ്പെടുത്താനെന്ന വിചിത്രവാദമാണ് ഇതിനായി ഉയര്‍ത്തിയത്.
Credits National || Deshabhimani Online News https://ift.tt/30K5sk8
Comments