എംപിമാരുടെ സസ്‌പെൻഷൻ : പാർലമെന്റ് സ്‌തംഭനം തുടരുന്നു
ന്യൂഡൽഹി
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം, സിപിഐ രാജ്യസഭാ നേതാവ് ബിനോയ് വിശ്വം എന്നിവരുൾപ്പെടെ 12 എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിനെതിരായ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ബുധനാഴ്ചയും ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ തുടർന്നു. മറ്റ് പ്രതിപക്ഷ എംപിമാരും ഐക്യദാർഢ്യവുമായെത്തി. രാവിലെ രാജ്യസഭ ചേർന്നപ്പോൾ സസ്പെൻഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ കൂട്ടാക്കിയില്ല. ഇതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. രണ്ടുതവണ നിർത്തിവച്ച സഭ വ്യാഴാഴ്ച ചേരാനായി പിരിഞ്ഞു.
അജയ് മിശ്രയെ പുറത്താക്കണം
ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയതിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ് മിശ്രയെ പുറത്താക്കണമെന്ന പ്രതിപക്ഷ ആവശ്യവും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ നേതാക്കൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിരാകരിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച ചേരാനായി ലോക്സഭയും പിരിഞ്ഞു.
Credits National || Deshabhimani Online News https://ift.tt/33zM4r1
Comments