കുഞ്ഞാലിക്കുട്ടിയും മുനീറും മറുപടി പറയണം: എളമരം കരീം
ന്യൂഡൽഹി
മുസ്ലിം ലീഗ് റാലിയിലെ നേതാക്കളുടെ പ്രസംഗം അപലപനീയമാണെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗ് നേതാക്കളുടെ വാക്കുകൾ കേരളത്തെയാകെ നാണിപ്പിക്കുന്നതും പൊതുസമൂഹത്തിൽ പറയാൻ കൊള്ളാത്തതുമാണ്. ലീഗ് എത്രമാത്രം അധഃപതിച്ചെന്നതിന്റെ ഉദാഹരണമാണ് ഇത്. രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിൽ താലിബാനെപ്പോലെ പെരുമാറുകയും രാഷ്ട്രീയവേദികളിൽ മതവിധി അനുസരിച്ചുള്ള ഫത്വകൾ പുറപ്പെടുവിക്കയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കണം. ഭൂരിപക്ഷ മതവർഗീയവാദികളും ഇതേ മാർഗം സ്വീകരിച്ചാൽ എന്താകും കേരളത്തിലെ സ്ഥിതി. ദേശീയതലത്തിൽ മുസ്ലിം–- ക്രൈസ്തവ വിഭാഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ സംഘപരിവാർ ആക്രമണം നടത്തുന്നത് തീവ്ര വർഗീയത ഉയർത്തിപ്പിടിച്ചാണ്. അതേ ശൈലിയിലേക്ക് കേരളത്തിലെ മുസ്ലിം ലീഗ് പോവുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. കുഞ്ഞാലിക്കുട്ടി, എം കെ മുനീർ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രതികരിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/30fKWrj
Comments