കലാപ ആഹ്വാനവുമായി ഹിന്ദുത്വ നേതാക്കൾ
ന്യൂഡൽഹി
ഹരിദ്വാറിലെ മതസമ്മേളനത്തിൽ മുസ്ലിങ്ങൾക്ക് എതിരെ തീവ്രവിദ്വേഷ പരാമർശങ്ങളുമായി പ്രഭാഷകർ. വേദ്നികേതൻ ധാമിൽ 17 മുതൽ 20വരെ നടന്ന മതസമ്മേളനത്തിൽ മുസ്ലിങ്ങൾക്ക് എതിരെ അക്രമം അഴിച്ചുവിടണമെന്നും ഹിന്ദുരാഷ്ട്രത്തിനായി പോരാടണമെന്നും ആഹ്വാനമുണ്ടായി. തീവ്രവിദ്വേഷ പ്രസംഗങ്ങളിലൂടെ മുമ്പും വിവാദങ്ങളുണ്ടാക്കിയിട്ടുള്ള യതിനരസിംഹനാഥിന്റെ നേതൃത്വത്തിലാണ് ഹരിദ്വാറിൽ മതസമ്മേളനം സംഘടിപ്പിച്ചത്. ഹിന്ദുരക്ഷാസേനയുടെ പ്രബോധാനന്ദ് ഗിരി, ബിജെപി വനിതാവിഭാഗം നേതാവ് ഉദിതാത്യാഗി, ബിജെപി വക്താവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
ഹിന്ദു യുവാക്കൾ ഹിന്ദുത്വത്തെ സംരക്ഷിക്കാൻ എൽടിടിഇ തലവൻ പ്രഭാകരനെ പോലെയും ഖാലിസ്ഥാൻനേതാന്ദ്രൻവാലയെ പോലെയും അക്രമണോത്സുകരാകണമെന്ന് നരസിംഹാനാഥ് പരിപാടിക്കിടെ ആഹ്വാനം ചെയ്തു. അവരെപോലെ ആകാൻ സന്നദ്ധരായ ഹിന്ദു യുവാക്കൾക്ക് ഒരു കോടി രൂപയും വാഗ്ദാനം ചെയ്തു.
ഈ പ്രഭാഷണങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ ജ്വാലാപുർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ പൊലീസ് കേസെടുത്തു.
Credits National || Deshabhimani Online News https://ift.tt/3mv4cZI
Comments