അസമില്‍ കുടിയിറക്കപ്പെട്ട കർഷകർക്ക് സഹായവുമായി കിസാൻസഭ
ന്യൂഡൽഹി
അസമിലെ ദാരാംഗ് ജില്ലയിലെ ധോൽപുരിൽനിന്ന് ബിജെപി സർക്കാർ മനുഷ്യത്വരഹിതമായി കുടിയിറക്കിയ കർഷകർക്ക് സഹായവുമായി അഖിലേന്ത്യ കിസാൻസഭ. കർഷകർക്ക് തണുപ്പകറ്റാൻ മൂന്ന് ട്രാക്ടർ നിറയെ കമ്പിളിപ്പുതപ്പ് എത്തിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുപ്രകാശ് താലുക്ക്ദാർ, കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജൂകൃഷ്ണൻ, അസം കർഷകസഭ നേതാക്കളായ ടിക്കെൻദാസ്, ഗജേൻബർമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്.
സെപ്തംബറില് ധോൽപുരിൽ ബലംപ്രയോഗിച്ചുള്ള കുടിയിറക്കലിനിടെ പൊലീസ് രണ്ടു കര്ഷകരെ വെടിവെച്ചുകൊന്നു. വെടിയേറ്റ് നിരവധിപേർ ചികിത്സയില്. സംഘപരിവാർ ഭീഷണി കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കർഷകര് പറഞ്ഞു. കൃഷി മുടങ്ങിയതോടെ മിക്ക കുടുംബവും പട്ടിണിയില്.
പോഷകാഹാരക്കുറവ് കാരണം ചില കുട്ടികൾ മരണമടഞ്ഞു. കര്ഷകദ്രോഹനിയമങ്ങള്ക്കെതിരായ പോരാട്ടം ജയിച്ചത് അസം കർഷകർക്കും വലിയ ആവേശമായി. ഒറ്റക്കെട്ടായി പോരാടി അവകാശങ്ങൾ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്. സിപിഐ എം എംപിമാരായ ഡോ. വി ശിവദാസൻ, ബികാസ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ ഒക്ടോബറിൽ ധോൽപുർ സന്ദർശിച്ചു.
Credits National || Deshabhimani Online News https://ift.tt/3ES3bSx
Comments