കോടതി വിധി ഗൂഢാലോചനയ്ക്ക് തിരിച്ചടി ; ഗവർണറുടെ നിലപാടിലെ ദുരൂഹത ഇപ്പോഴും 
നിലനിൽക്കുന്നു


തിരുവനന്തപുരം
കണ്ണൂർ സർവകലാശാല വിസി നിയമന വിവാദത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢോദ്ദേശ്യംകൂടി വെളിവാക്കുന്നതാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പരസ്യമാക്കി വിവാദത്തിന് തുടക്കമിട്ട ഗവർണറുടേത് അസാധാരണ നടപടിയാണെന്ന വ്യാഖ്യാനവും കോടതി ശരിവച്ചു.

ഗവർണറുടെ കത്തും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്തും പുറത്തുവിട്ടത് സർക്കാരിനെതിരെ കോടതിയിൽനിന്ന് വരുമെന്ന് പ്രതീക്ഷിച്ച പ്രതികരണംകൂടി കണക്കിലെടുത്താണ്. എന്നാൽ ഇതെല്ലാം സർക്കാർവിരുദ്ധ കേന്ദ്രങ്ങൾക്കുമാത്രമാണ് ഉത്തേജനമായത്. മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യമുയർത്തി വലിയ കോലാഹലത്തിനാണ് കോൺഗ്രസും ബിജെപിയും തയ്യാറെടുത്തത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെ തള്ളിയതോടെ ആ രാഷ്ട്രീയ നീക്കത്തിനും തിരിച്ചടിയേറ്റു.

കണ്ണൂർ വിസിക്ക് പുനർനിയമനം നൽകി ആഴ്ചകൾക്കുശേഷം തള്ളിപ്പറഞ്ഞ ഗവർണറുടെ നിലപാടിലെ ദുരൂഹത നിലനിൽക്കുകയാണ്. സർവകലാശാലകളിലെ നിയമനത്തിൽ ഒരു തരത്തിലും ഇടപെട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഗവർണർ പിന്മാറിയില്ല. മന്ത്രിയുടെ കത്തുകൂടി പുറത്തുവിട്ട് വിവാദം ആളിക്കത്തിക്കാനും രാജ്ഭവൻ കേന്ദ്രങ്ങൾ ശ്രമിച്ചു. ഗവർണർ ഡൽഹിയിലുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ഓഫീസിൽ ഫയലിൽ സൂക്ഷിച്ച കത്തുകൾ മാധ്യമങ്ങൾക്ക് കിട്ടിയത്. മന്ത്രിയുടെ കത്തുകൾ പുറത്തുവിട്ടത് അനുമതിയോടെയാണോ? അതിന് ആരെയെങ്കിലും ചുമതലപ്പെടുത്തിയോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഗവർണർ ബാധ്യസ്ഥനാണ്. ഹൈക്കോടതി തള്ളിയത് വിവാദ സാഹചര്യത്തിനുമുമ്പുള്ള ഹർജിയാണെന്ന ചിലരുടെ വാദവും നിരർഥകമാണ്. വിസി നിയമനത്തിനെതിരെ ഉയർന്ന വാദമുഖങ്ങളാണ് കോടതി പരിഗണിച്ചത്. സർക്കാർ സമ്മർദത്തിലാക്കിയെന്ന ഗവർണറുടെ ആരോപണത്തിന് പ്രസക്തിയില്ലെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രോ–- ചാൻസലർ എന്ന നിലയിൽ ചാൻസലർക്ക് മന്ത്രി കത്ത് നൽകിയത് സമ്മർദത്തിലാക്കാനായിരുന്നില്ല. മന്ത്രിയുടെ നടപടിയിൽ ചട്ടലംഘനമോ സ്വജനപക്ഷപാതമോ ഇല്ല.

ശരി തെളിഞ്ഞു: 
പ്രൊഫ. ഗോപിനാഥ് 
രവീന്ദ്രൻ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ശരിയാണെന്ന് തെളിഞ്ഞതായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിലപാട് കോടതിയും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ഇങ്ങനെ പുനർനിയമനം നടക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ട്. സർക്കാർതന്നെയാണ് വിസി നിയമനത്തിന് ശുപാർശ നൽകേണ്ടത്. മന്ത്രി കത്തെഴുതിയതിൽ തെറ്റില്ല.ചാൻസലർ നിയമവും രാഷ്ട്രീയവും നന്നായി അറിയുന്നയാളാണ്. അതുകൊണ്ടാകണം പുനർനിയമനം നൽകിയത്. അക്കാദമീഷ്യനായ തന്നെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലായിരുന്നു എന്നും വിസി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oXL5ZR

Comments

Archive

Contact Form

Send